തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ നടത്തിയവർക്ക് കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി.പി. ജോൺ. നിയമവിരുദ്ധമായി വോക്കൽ (ഉയർന്ന ശബ്ദമുള്ള സ്പീക്കറുകൾ) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഏത് സമയത്തും പിടിച്ചെടുക്കുമെന്നും, ഇത്തരം സംവിധാനങ്ങൾ ഉടൻ അഴിച്ചുമാറ്റണമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ നൽകുന്ന ഇളവുകൾ ദുരുപയോഗം ചെയ്ത് പൊതുസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനങ്ങൾ മോഡിഫൈ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. മറ്റ് അനധികൃത മോഡിഫിക്കേഷനുകളെ കുറിച്ചും ഉടൻ വിശദമായ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെയേ അനുവദിക്കൂ എന്നും, സുരക്ഷയെ ബാധിക്കുന്നതോ അമിത ശബ്ദവും വെളിച്ചവും സൃഷ്ടിക്കുന്നതോ ആയ മാറ്റങ്ങൾക്ക് യാതൊരു അനുമതിയും നൽകില്ലെന്നും മന്ത്രി ആവർത്തിച്ചു. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളാണ് ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനത്തിന്റെ നിറം മാറ്റൽ, വാഹനത്തിന്റെ പുറംഭാഗത്തേക്ക് തള്ളിനിൽക്കാത്ത അധിക ഫിറ്റിങ്സുകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.















