തിരുവനന്തപുരം: ഓണക്കാലത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ. ഓണവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിവിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ.
16 തേർഡ് ക്ലാസ് കോച്ചുകളുള്ള ട്രെയിനാണ് സ്പെഷ്യൽ സർവീസ് നടത്തുന്നത്. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചുമാണ് സർവീസ്. കേരളത്തിൽ കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
വരുന്ന 22, 25, 27, 29 തീയതികളിലും സെപ്റ്റംബർ 1-ാം തീയതി മുതൽ 17 വരെ ഓരോ ദിവസം ഇടവിട്ടുമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. വൈകുന്നേരം അഞ്ച് മണിയ്ക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30-ന് ബെംഗളൂരുവിലെത്തും. അടുത്ത രാത്രി ഒമ്പത് മണിയ്ക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം 2.15-ന് കൊച്ചുവേളിയിലെത്തും.