കുന്നംകുളം: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷാ സ്വദേശി 33 വയസ്സുള്ള പത്മനാഭ ഗൗഡയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ചാം തിയതി രാത്രി 9 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
കൊല്ലപ്പെട്ട പത്മനാഭ ഗൗഡയും, പ്രതിയായ യുവാവും ഒഡീഷയിൽ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. കുന്നംകുളം ബൈജു റോഡിലെ വാടക ക്വാർട്ടേഴ്സിലാണ് ഇരുവരും താമസിച്ചിരുന്നത്. താമസസ്ഥലത്ത് വച്ചുണ്ടായ തർക്കത്തിനിടെ പ്രതി, മരിച്ച പത്മനാഭ ഗൗഡയെ തലയിലും മുഖത്തും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. പത്മനാഭ ഗൗഡയെ ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലക്ക് മാറ്റുകയായിരുന്നു.
കാൽ വഴുതി വീണ് പരിക്കേറ്റുവെന്നാണ് പത്മനാഭ ഗൗഡയെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞത്. എന്നാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മർദ്ദനത്തിലാണ് പരിക്കേറ്റതെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.