ന്യൂഡൽഹി: റഷ്യ-സംഘർഷം പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകളും, ചർച്ചകളും നടത്തണമെന്ന ഇന്ത്യയുടെ നിലപാട് യുക്രെയ്ൻ സന്ദർശനത്തിനിടെ പ്രസിഡന്റ് സെലൻസ്‌കിയോടും പ്രധാനമന്ത്രി ആവർത്തിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞതായി ജയശങ്കർ പറഞ്ഞു. ജൂലൈയിൽ മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്ന കാര്യവും ജയശങ്കർ ആവർത്തിച്ചു.
” ചരിത്രപരമായ സന്ദർശനമാണിത്. 1992ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. പ്രത്യേക ട്രെയിനിൽ കീവിലെത്തിയ പ്രധാനമന്ത്രിയെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയാണ് സ്വീകരിച്ചത്. അവിടെ അദ്ദേഹം ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ സംഭാഷണവും അതിലെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. പ്രശ്‌നപരിഹാരത്തിനായി ഇരുപക്ഷവും സംഭാഷണത്തിലേർപ്പെടണമെന്ന നിലപാടാണ് ഇന്ത്യയ്‌ക്കുള്ളതെന്നും” ജയശങ്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നപരിഹാര സാധ്യതകളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ ഒരിക്കലും നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, എല്ലാക്കാലത്തും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം കുറയ്‌ക്കുന്നതിന് വേണ്ടി ഇന്ത്യ മുന്നിട്ട് നടത്തിയ സമാധാന ചർച്ചകളെ കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. യുദ്ധവും അക്രമവും ഒന്നിനും പരിഹാരമല്ലെന്നും ചർച്ചകളിലൂടെ തന്നെ ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സമാധാന ചർച്ചകളുടെ ഭാഗമാകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.















