തിരുവനന്തപുരം: സംവിധായകനും ഫിലിം അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഫിലിം അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണ് പരാതി നൽകിയത്.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. അഭിനയിക്കാൻ വിളിച്ചു വരുത്തിയ ശേഷം വളകളിൽ തൊടുന്ന ഭാവത്തിൽ കയ്യിൽ തൊടുകയും മുടിയിൽ തലോടിയതായും ഇവർ പറയുന്നു. കഴുത്തിൽ തൊടാൻ ശ്രമിച്ചതോടെ മുറി വിട്ട് പുറത്തിറങ്ങുകയായിരുന്നു. ദുരനുഭവം ഉണ്ടായതോടെ സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെങ്കിലും, അതിന്റെ സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. സംഭവത്തിന് ശേഷം ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ഇവർ പറയുന്നു.
അതേസമയം സംഭവത്തിൽ രഞ്ജിത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആരോപണത്തിൽ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും, രേഖാ മൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റൂ എന്നുമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാദം. ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാൻ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സിപിഎം ആണെന്നും സജി ചെറിയാൻ പറയുന്നു.















