അബുദാബി: യുഎഇയിൽ മധ്യവേനൽ അവധിയ്ക്ക് ശേഷം സ്കൂളുകൾ ഉടൻ തുറക്കും. വരുന്ന തിങ്കളാഴ്ച മുതലാണ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചതായി വിവിധ എമിറേറ്റുകളിലെ പൊലീസ് അറിയിച്ചു.
സ്കൂളുകളിലെ പരിസര പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കുന്നത് ഉൾപ്പെടെയുമുള്ള നടപടികൾ സ്വീകരിക്കും. പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥർ സജ്ജമായിട്ടുണ്ട്.
ഗതാഗത തിരക്ക് നിയന്ത്രിക്കാൻ പൊലീസ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. സ്കൂൾ പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കും. ബാക്ക് ടു സ്കൂൾ ക്യാമ്പയിനിന്റെ ഭാഗമായി തിങ്കളാഴ്ച ‘അപകട രഹിതദിന’മാക്കാൻ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കാൽനട ക്രോസിംഗുകളിൽ നിലയുറപ്പിക്കാനും പൊലീസിന് പദ്ധതിയുണ്ട്. അബുദാബിയിൽ മൊത്തം 6,010 സ്കൂൾ ബസുകളിലായി 1,81,000 വിദ്യാർത്ഥികളാണ് ആദ്യ ദിനം സ്കൂളുകളിലെത്തുക. സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ യാത്ര നിരീക്ഷിക്കാൻ സ്കൂൾ ബസുകളിൽ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. സ്കൂൾ ഗതാഗതം സുഗമമാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഷാർജ പൊലീസിലെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. അഹമ്മദ് സഈദ് അൽ നഔർ പറഞ്ഞു. എമിറേറ്റിലെ പ്രധാന റോഡുകളിലും ഉൾറോഡുകളിലും പട്രോളിംഗ് ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.







