ദുബായ് ആസ്ഥനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒറ്റയ്‌ക്ക് യാത്ര ചെയ്തത് 1,20,000 കുട്ടികൾ. എയർലൈൻസിന്റെ അൺ അക്കമ്പനീഡ് മൈനർ സർവീസസ് ഉപയോഗപ്പെടുത്തിയാണ് ഇത്രയും കുട്ടികൾ ഒറ്റയ്‌ക്ക് പറന്നത്.
എമിറേറ്റ്സ് എയർലൈൻസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുതിർന്നവരുടെ തുണയില്ലാതെ യാത്ര ചെയ്തവരുടെ കണക്കാണിത്. എയർലൈൻസിന്റെ അൺ അക്കമ്പനീഡ് മൈനർ സർവീസസ് ഉപയോഗപ്പെടുത്തി ഈ ആഴ്ചയിൽ മാത്രം 900 കുട്ടികളാണ് വേനലവധിക്ക് നാട്ടിൽപോയി ഒറ്റയ്‌ക്ക് മടങ്ങാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.
ജീവനക്കാരുടെ മേൽനോട്ടത്തിൽ അഞ്ച് മുതൽ പതിനൊന്ന് വയസുവരെയുള്ള കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്നതാണ് അൺ അക്കമ്പനീഡ് മൈനർ സർവീസസിന്റെ പ്രത്യേകത. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ പന്ത്രണ്ട് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് ഈ സേവനം വിനിയോഗിക്കാതെയും എമിറേറ്റ്സിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യാം.
ബ്രിട്ടീഷ് കുടുംബങ്ങളാണ് ഈ സേവനം ഏറെയും പ്രയോജനപ്പെടുത്തുന്നത്. തൊട്ടുപിന്നാലെ ഇന്ത്യ, അമേരിക്ക, ഫിലിപ്പിൻസ്, ഫ്രാൻസ് എന്നീ രാജ്യാക്കാരാണെന്നും വിമാനക്കമ്പനി പുറത്തുവിട്ട കണക്കുകൾ പറയുന്നു.













