തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന പിന്നാലെ നിലവിൽ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാല് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന ഏഴംഗ സംഘമാകും അന്വേഷണം നടത്തുക. എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഐജി ജി. സ്പർജൻകുമാറാകും സംഘത്തെ നയിക്കുക.
ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് (എച്ച്ക്യു) എസ്.പി മെറിൻ ജോസഫ്, എഐജി ജി. പൂങ്കുഴലി, പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, എഐജി അജിത്ത് .വി,ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാവുക.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാനാണ് നിർദ്ദേശം. അതേസമയം ഇടതുപക്ഷ അനുഭാവികൾക്കെതിരെയും എം.എൽ.എയ്‌ക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംവിധായകൻ രഞ്ജിത്ത്, എം മുകേഷ് എം.എൽ.എ, മന്ത്രി ഗണേഷ് കുമാർ എന്നിവർക്കെതിരെയെല്ലാം ആരോപണം ഉയർന്നിട്ടുണ്ട്.