തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാർ നീക്കത്തിൽ ആശങ്കയുണ്ടെന്ന് ഡബ്ല്യൂസിസി. പുതിയ സംഘത്തെ പൂർണമായും പിന്തുണക്കാത്ത നിലപാടാണ് ഡബ്ല്യൂസിസി പങ്കുവക്കുന്നത്. പുതിയ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പക്ഷേ, വീണ്ടും മൊഴി നൽകാൻ പോകുന്നതിൽ ആശങ്കയുണ്ടെന്നും ഡബ്ല്യൂസിസി അംഗം ദീദി ദാമോദരൻ പ്രതികരിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ വനിതകൾ നടത്തിയ വെളിപ്പെടുത്തലുകളിലും ആരോപണങ്ങളിലും അന്വേഷണ നടത്താനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉൾപ്പെട്ട ചർച്ചയിലാണ് പുതിയ സംഘത്തെ നിയോഗിക്കാൻ തീരുമാനമായത്. ആരോപണങ്ങൾ ഉന്നയിച്ചവരുടെ മൊഴികൾ സംഘം രേഖപ്പെടുത്തും.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. നടിമാർ ആരോപണത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണെങ്കിൽ കേസെടുക്കുമെന്നാണ് വിവരം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശാനുസരണമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണമായിരിക്കും ആദ്യം നടത്തുക.
സമൂഹമാദ്ധ്യമങ്ങളിലൂടെ നടിമാർ ഉന്നയിച്ച ആരോപണങ്ങളും വിശദമായി പരിശോധിക്കും. പരാതികൾ ഉള്ളവർക്ക് നേരിട്ട് അന്വേഷണ സംഘത്തെ സമീപിക്കാമെന്നും നിർദേശമുണ്ട്. അത്തരം പരാതികൾക്കെതിരെയും കേസെടുക്കും.