ന്യൂഡൽഹി: ഇന്ത്യയിലെ ഹൈക്കമ്മീഷനുകളിൽ ജോലി ചെയ്യുന്ന രണ്ട് നയതന്ത്രജ്ഞരെ തിരികെ വിളിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി ഷബാൻ മഹമൂദ്, കൊൽക്കത്തയിലെ ബംഗ്ലാദേശ് കോൺസുലേറ്റിലെ ഫസ്റ്റ് സെക്രട്ടറി(പ്രസ്സ്) രഞ്ജൻ സെൻ എന്നിവരെയാണ് ഇടക്കാല സർക്കാർ തിരികെ വിളിച്ചത്.
ഇരുവരുടേയും കരാർ കാലാവധി പൂർത്തിയാകുന്നതിന് മുൻപാണ് നീക്കം. 2026 വരെയാണ് രഞ്ജൻ സെന്നിന്റെ കാലാവധി. ഷെയ്ഖ് ഹസീന സർക്കാരാണ് ഇരുവരുടേയും നിയമനം നടത്തിയത്. ശനിയാഴ്ചയോടെ രഞ്ജൻ സെൻ പദവി ഒഴിഞ്ഞെങ്കിലും, ഇദ്ദേഹം ഇന്ത്യയിൽ നിന്ന് മടങ്ങാൻ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. ഷെയ്ഖ് ഹസീന സർക്കാർ താഴെ വീണതിന് പിന്നാലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് നീക്കം.
ബംഗ്ലാദേശിൽ അക്രമസംഭവങ്ങൾ വ്യാപിച്ചതിന് പിന്നാലെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും ഏറ്റവും ഉന്നത ഉദ്യോഗസ്ഥർ ഒഴികയെുള്ള ജീവനക്കാരേയും അവരുടെ കുടുംബാംഗങ്ങളേയും ഇന്ത്യ തിരികെ വിളിച്ചിരുന്നു. ഈ മാസം അഞ്ചാം തിയതിയാണ് രാജ്യത്ത് വ്യാപിച്ച സംഘർഷത്തിനൊടുവിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വച്ച ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
കഴിഞ്ഞ മൂന്നാഴ്ചയോളമായി ഇവർ ഇന്ത്യയിൽ തന്നെ തുടരുകയാണ്. പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സർക്കാർ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തിയിരുന്നു. ഈ കേസുകളിൽ വിചാരണ നേരിടുന്നതിനായി ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോകുമെന്നാണ് ഷെയ്ഖ് ഹസീന ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ യുകെ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ലഭിക്കാതെ വന്നതോടെ ഷെയ്ഖ് ഹസീനയുടെ യാത്രയുടെ കാര്യത്തിലും അനിശ്ചിതത്വം ഉടലെടുക്കുകയായിരുന്നു.