റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ഇന്ത്യൻ പൗരൻ നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഷഹബാസ് ഖാൻ ആണ് മരിച്ചത്. 27 വയസായിരുന്നു. സൗദിയിൽ ടവർ ടെക്നീഷ്യനായിരുന്നു യുവാവ്. തെലങ്കാനയിലെ കരിംനഗർ സ്വദേശിയാണ് ഷഹബാസ് ഖാൻ.
അഞ്ച് ദിവസം മുൻപ് സഹപ്രവർത്തകനൊപ്പം പതിവ് അസൈൻമെന്റുമായി മരുഭൂമിയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. സഹപ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിന്റെ ജിപിഎസ് തകരാറിലാവുകയും മരുഭൂമിയിൽ ഒറ്റപ്പെട്ട് വെള്ളം കിട്ടാതെ മരിക്കുകയുമായിരുന്നു. ലോകത്തെ ഏറ്റവും അപകടകരമായ മരുഭൂമികളിൽ ഒന്നായ റൂബ അൽ-ഖാലിയിലായിരുന്നു സംഭവം. കാറിന്റെ ജിപിഎസ് തകരാറിലായതിന് പിന്നാലെ വാഹനത്തിൽ ഇന്ധനം തീർന്നുപോവുകയും ചെയ്തിരുന്നു. ഫോണിലെ സിഗ്നൽ നഷ്ടപ്പെട്ടതിനാൽ ഇരുവർക്കും പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ ജീവനക്കാരെ കാണാനില്ലെന്ന് കാണിച്ച് കമ്പനി പരാതിപ്പെട്ടതിനെ തുടർന്നാണ് സൗദി അധികൃതർ തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഇരുവരുടെയും ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നു.
സൗദി അറേബ്യയിലെ റൂബ് അൽ-ഖാലി (Rub al-Khali) എന്ന മരുഭൂമി അതിന്റെ ഭീകരത കാരണം ഏറെ കുപ്രസിദ്ധി നേടിയിട്ടുണ്ട്. Empty Quarter എന്നും റൂബ അൽ-ഖാലി അറിയപ്പെടുന്നു. നാല് രാജ്യങ്ങളിലായി (സൗദി, ഒമാൻ, യുഎഇ, യെമൻ) വ്യാപിച്ച് കിടക്കുന്ന ഈ മരുഭൂമി അതിന്റെ ഭയാനകമായ കാലാവസ്ഥയും ഭൂപ്രദേശവും കാരണം ഏറെ പ്രസിദ്ധമാണ്. സാധാരണ മരുഭൂമികളിൽ കാണപ്പെടുന്ന ഒട്ടകങ്ങളോ മറ്റ് മൃഗങ്ങളോ റൂബ അൽ-ഖാലിയിൽ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ഒറ്റപ്പെട്ടു പോകുന്നവർക്ക് അതിജീവനം ദുഷ്കരമാണ്.