തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധങ്ങളും അനിശ്ചിതാവസ്ഥയും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജ്ജിലേക്ക് നയിച്ചത്. കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ കോടതി പൂർണ്ണമനസ്സോടെ അനുമതി നൽകും. അത് കളക്ടർക്കും എഡിഎമ്മിനും കമ്മീഷണർക്കുമറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കണം. വെടിക്കെട്ട് കാണാനുള്ള ദൂരപരിധി നിശ്ചയിക്കുന്നതിൽ അശാസ്ത്രീയതയുണ്ട്. 100 മീറ്റർ നിശ്ചയിക്കുമ്പോൾ തന്നെ രണ്ടാമത്തെ വെടിക്കെട്ട് നടക്കുമ്പോൾ പലരും 500 മീറ്റർ അകലെയാണ് നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാക്കിയിട്ടവൻ കഴിഞ്ഞതവണ തല്ലിയോടിച്ചത് ഒഴിച്ചാൽ വലിയ മാനസികതയുള്ള ഉത്സവമാണ് തൃശൂർ പൂരമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോ തൃശൂരിലേക്കും പാലക്കാടേക്കും നീട്ടുന്നതിനുളള സാദ്ധ്യതകളും അദ്ദേഹം പരാമർശിച്ചു. മെട്രോ പാലക്കാട്ടേക്ക് നിൽക്കാൻ ഏതറ്റം വരെയും പോകും. കൊച്ചി മെട്രോ പാലക്കാട്ടേക്ക് നീട്ടാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്നത്. പക്ഷേ അതുകേട്ട് തന്റെ തീരുമാനം വച്ചുകെട്ടാൻ സാധിക്കില്ല. കോയമ്പത്തൂരിൽ നിന്ന് എത്തുന്നവർക്ക് പാലക്കാട് നിന്നും കയറാനുള്ള സൗകര്യമൊരുക്കും. ഇന്റർസിറ്റി സംവിധാനമായി കൊച്ചി മെട്രോ മാറണമെന്നും അദ്ദേഹം പറഞ്ഞു.