ഏറെ നാളായുള്ള സ്വപ്നം യാഥാർത്ഥ്യമായതിന്റെ നിർവൃതിലാണ് ബിഹാർ സ്വദേശിയായ അൻവർ. നാട്ടിലെ ജന്മാഷ്ടമി ആഘോഷങ്ങളിൽ പലരും കൃഷ്ണവേഷം കെട്ടുന്നത് കൗതുകത്തോടെ മാത്രമാണ് അൻവർ കണ്ടിരുന്നത്. അതേ കൗതുകം തന്നെയാണ് ഇന്നലെ തലസ്ഥാനത്ത് കണ്ണന്റെ വേഷം കെട്ടിയപ്പോഴും അൻവറിന്റെ മുഖത്തുണ്ടായിരുന്നത്.
ഒപ്പം ജോലിചെയ്യുന്ന ഡ്രൈവർ വർഗീസാണ് കണ്ണനായി അണിയിച്ചൊരുക്കിയത്. സാമ്പത്തിക വിദഗ്ധൻ ആദികേശവന്റെ വീട്ടിലെ സഹായികളാണ് രണ്ടാളും. കേരളത്തിലെത്തി തന്റെ എക്കാലത്തെയും വലിയ സ്വപ്നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് ഇതര സംസ്ഥാന തൊഴിലാളിയായ അൻവർ.
അഞ്ച് വർഷം മുൻപാണ് പട്നയിൽ നിന്ന് കൊല്ലത്തെ ഹോട്ടലിൽ ജോലിക്കെത്തുന്നത്. പിന്നീട് ആദികേശവ് അൻവറിനെ കൂടെകൂട്ടുകയായിരുന്നു. രണ്ട് വർഷമായി വീട്ടിലെ കൃഷ്ണവിഗ്രഹം വൃത്തിയാക്കുന്നതും പൂജാമുറി ഒരുക്കുന്നതും അൻവറാണ്. ആദികേശവന്റെ ഭാര്യ പാർവ്വതി ഇല്ലാത്ത സാഹചര്യങ്ങളിൽ പൂജാമുറിയിൽ വിളക്ക് തെളിയിക്കുന്നതും അൻവർ തന്നെയാണ്.
ഇസ്ലാംമത വിശ്വാസിയായ അൻവർ നിസ്കാരം മുടക്കാറുമില്ല. കൃത്യമായി പള്ളിയിൽ പോകുകയും ചെയ്യും. കൃഷ്ണനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ജന്മാഷ്ടമിയിൽ കണ്ണന്റെ വേഷം കെട്ടാൻ ഭാഗ്യം ലഭിച്ചത്.















