വാഷിംഗ്ടൺ: ഇറാന്റെയും അവരുടെ സഖ്യകക്ഷികളുടേയും ഭീഷണി ഇസ്രായേലിന് മുകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പെന്റഗൺ. ഹിസ്ബുള്ള കമാൻഡറെ വധിച്ചതിന് പകരമായി ഭീകരസംഘടന ഇസ്രായേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. എന്നാലിത് ആക്രമണം അവസാനിച്ചുവെന്നതിന്റെ സൂചനയല്ലെന്നും, ഏത് സമയം അവർക്ക് മേൽ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്നും പെന്റഗൺ വക്താവ് എയർഫോഴ്സ് മേജർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി.
ഇറാന്റെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ ആക്രമണം തുടരുമെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴും ഇസ്രായേലിന് നേരെ ഏത് സമയവും ഒരു ആക്രമണം പ്രതീക്ഷിക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവായിട്ടില്ലെന്നും പാട്രിക് റൈഡർ പറയുന്നു.ഇസ്രായേലിനെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വലിയ ഭീഷണി ഉയർത്തുന്നതല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ ഭാഗത്ത് നിന്ന് ഉയരുന്ന ആണവായുധ ഭീഷണികളെ പ്രതിരോധിക്കാൻ അമേരിക്കയും ഇസ്രായേലും യോജിച്ച് നിൽക്കണമെന്നും യോവ് ഗാലന്റ് പറയുന്നു.
യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥനായ ജനറൽ സിക്യുവുമായി യോവ് ഗാലന്റ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രായേൽ മിലിട്ടറി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഹെർസി ഹലേവി, യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ബ്രൗണിനെ അറിയിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ കൂടുതൽ കമാൻഡർമാരെ ഇല്ലാതാക്കുമെന്നും, ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ തുടരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും ഹലേവി അറിയിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഹിസ്ബുള്ള ഭീകരർ പ്രധാനമായും ആക്രമണങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തിൽ ലെബനനിൽ മൂന്ന് പേരും ഇസ്രായേലിൽ ഒരാളും മരിച്ചിരുന്നു. പിന്നാലെ ആക്രമണം താത്കാലികമായി നിർത്തി വയ്‌ക്കാൻ ഇരുപക്ഷവും തീരുമാനിച്ചിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്നാണ് ഇരുകൂട്ടരും പറയുന്നത്.