ബോക്സോഫീസിൽ ക്ലച്ചുപിടിക്കാതെ ഭാവന-ഷാജി കൈലാസ് കോമ്പോയിലെത്തിയ ഹണ്ടും (HUNT) സൈജു ശ്രീധരൻ-മഞ്ജുവാര്യർ കൂട്ടുക്കെട്ടിലെത്തിയ ഫൂട്ടേജും(Footage). റിലീസ് ചെയ്ത് നാലുദിവസമായിട്ടും ഇരു ചിത്രങ്ങൾക്കും 30 ലക്ഷത്തിന് മേലെ കളക്ഷൻ നേടാനായിട്ടില്ല. സാക്‌നില്‍ക് റിപ്പോര്‍ട്ടിലാണ് കളക്ഷൻ വ്യക്തമാക്കുന്നത്. ആഗോളത്തലത്തിൽ റിലീസ് ചെയ്തിട്ടും തിയേറ്ററുകളിൽ പ്രേക്ഷകർ ഇരു സിനിമകളെയും കൈവിട്ട നിലയിലാണ്.
ഹണ്ട് 22 ലക്ഷവും ഫൂട്ടേജ് 28 ലക്ഷവുമാണ് ഇതുവരെ കളക്ട് ചെയ്തതെന്ന് സാക്‌നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. ഇരു ചിത്രങ്ങളുടെയും തിരക്കഥയിലെ കല്ലുക്കടിയും അഖ്യാനത്തിലെ പോരായ്മകളുമാണ് വെല്ലുവിളിയായത്. മഞ്ജു വാര്യര്‍, ഗായത്രി അശോക്, വിശാഖ് നായര്‍ എന്നിവരാണ് ഫൂട്ടേജിലെ പ്രധാന കഥാപാത്രങ്ങൾ. എഡിറ്റർ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.
ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയ്‌ക്കൊപ്പം ഷാജി കൈലാസ് കൈകോർത്ത ചിത്രമാണ് ഹണ്ട്. സസ്പെൻസ് ഹൊറർ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺജി പണിക്കർ,ചന്ദുനാഥ്, ഡെയിൻ ഡേവിസ്,അനു മോഹൻ,അജ്മൽ അമീർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ തിയേറ്ററിലെത്തിയ ‘വാഴ-ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്’ എന്ന ചിത്രവും നൂണക്കുഴിയുമാണ് ബോക്സോഫീസിൽ കുതിക്കുന്നത്. ആനന്ദ് മോനോൻ സംവിധാനം ചെയ്ത വാഴ 25 കോടിയിലേക്ക് അടുക്കുകയാണ് .ജീത്തു ജോസഫ്-ബേസിൽ ജോസഫ് കൂട്ടുക്കെട്ടിലെത്തിയ നുണക്കുഴി 15 കോടിയോളം രൂപയും നേടിയിട്ടുണ്ട്.















