തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് സംവിധായകൻ വിനയൻ. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ നയരൂപീകരണ സമിതിയിൽ നിയമിക്കരുതെന്നാണ് ആവശ്യം.
തൊഴിൽ നിഷേധത്തിനും രഹസ്യ വിലക്കിനുമെതിരെ കോടതി നടപടി നേരിട്ടയാളാണ്. 12 വർഷക്കാലത്തോളം സിനിമയിടത്ത് തന്നെ വളരെയധികം ഉപദ്രവിച്ചയാളാണ് ബി. ഉണ്ണികൃഷ്ണൻ. അത് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും സുപ്രീംകോടതിയും ശരി വയ്‌ക്കുകയും ചെയ്തിരുന്നു. അമ്മ സംഘടനയിലെയും ഫെഫ്കയിലെയും ഉൾപ്പടെ നിരവധി പേർക്ക് പിഴ ശിക്ഷ ഇടാക്കുകയും ചെയ്തിരുന്നു. അത്തരക്കാരെ നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തരുത്. നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞാണ് വിനയന്റെ കത്ത്.
കോൺക്ലേവിന് മുന്നോടിയായാണ് നയരൂപീകരണ സമിതിയെ സർക്കാർ നിയോഗിച്ചത്. ഇതിലാണ് മുകേഷിന്റെയും ബി. ഉണ്ണികൃഷ്ണന്റെയും പേര് ഉൾപ്പെടുത്തിയത്. മുകേഷ് സമിതിയിൽ നിന്ന് മാറണമെന്നാണ് പാർട്ടി നിർദേശമെന്നാണ് പുറത്തുവരുന്ന വിവരം. കോൺക്ലേവിന്റെ സംഘാടകനായി സർക്കാർ നിർദേശിച്ച രഞ്ജിത്താണ് ലൈംഗിക ആരോപണം നേരിട്ടതോടെ ആദ്യം പുറത്ത് പോയത്. മുൻനിരയിലുണ്ടാകേണ്ട അമ്മ പ്രതിനിധികളും ഇനിയില്ല. കോൺക്ലേവ് നടത്തുന്നതിൽ വൻ പ്രതിസന്ധിയാണ് സർക്കാരിന് നിലനിൽക്കുന്നതെന്ന് ചുരുക്കം.