കണ്ണൂർ: ക്ഷേത്ര മുറ്റത്ത് നിന്നും ശോഭായാത്ര ആരംഭിക്കാൻ അനുമതി നൽകാതിരുന്ന പെരളശ്ശേരി ക്ഷേത്ര മാനേജ്‌മെന്റിലെ സഖാക്കളെ വിമർശിച്ച് ശശികല ടീച്ചർ. സഖാക്കൾ അനുമതി നൽകിയില്ലെങ്കിലും ശോഭയാത്ര പറഞ്ഞ സ്ഥലത്തു നിന്നുതന്നെ തുടങ്ങി. ഭംഗിയായി പര്യവസാനിച്ചു. നിങ്ങടെ ഉത്സാഹം കൊണ്ട് അമ്മമാരടക്കമുള്ളവർ ആവേശത്തോടെ പങ്കെടുത്തുവെന്നും ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി ശശികല ടീച്ചർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികല ടീച്ചർ ക്ഷേത്ര മാനേജ്‌മെന്റിന്റെ വിശ്വാസ വിരുദ്ധ നിലപാട് ചൂണ്ടിക്കാണിച്ചത്. ശോഭായാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ക്ഷേത്ര മാനേജർ നൽകിയ മറുപടിയും ശശികല ടീച്ചർ പങ്കുവെച്ചു. ശോഭായാത്ര പെരളശ്ശേരി ക്ഷേത്ര നടയിൽ നിന്നും ആരംഭിക്കുന്നതിന് അനുമതി തരണമെന്ന താങ്കളുടെ അപേക്ഷ അംഗീകരിക്കുവാൻ നിർവ്വാഹമില്ലാത്തതിനാൽ നിരസിച്ചതായി അറിയിക്കുന്നുവെന്നാണ് മറുപടി. എന്തുകൊണ്ടാണ് അംഗീകരിക്കാൻ കഴിയാത്തത് എന്നുൾപ്പെടെ ഒരു വിശദീകരണവും മറുപടിയിൽ നൽകിയിട്ടില്ല.
26 ന് നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്കായി എട്ടാം തീയതി തന്നെ ബാലഗോകുലം പെരളശ്ശേരി മണ്ഡലം ആഘോഷകമ്മിറ്റി കൺവീനർ അനുമതി തേടിയിരുന്നു. ഈ കത്തിനായിരുന്നു ദേവസ്വം മാനേജറുടെ മറുപടി.
എന്താ ചെയ്യാ ചെയ്യുംന്ന് പറഞ്ഞാ ചെയ്തിരിക്കും, അതാ ശീലം എന്ന് പറഞ്ഞാണ് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.