മലപ്പുറം: സഹകരണ ബാങ്കിൽ നിന്നും അനധികൃതമായി വായ്പയെടുത്ത് പണം തട്ടിയ സംഭവത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസ്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതിയിൽ അംഗമായിരിക്കെയാണ് ഇസ്മായിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയത്.
ബാങ്കിൽ നിന്നും അനധികൃതമായി രണ്ടര കോടി രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടയ്‌ക്കാതെ ബാങ്കിനെ വഞ്ചിച്ചുവെന്നുമാണ് ഇസ്മായിലിനും കുടുംബത്തിനുമെതിരെയുള്ള പരാതി. സംഭവത്തിൽ ഇയാളുടെ ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവർക്കെതിരെയും കേസെടുത്തു. അനധികൃമായി ലോൺ അനുവദിച്ചു നൽകിയ എടക്കര ശാഖ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ എന്നിവരും കേസിൽ പ്രതികളാണ്.
ഭൂമിവില ഉയർത്തിക്കാട്ടുകയും ഇതിന് ലഭിക്കേണ്ട മൂല്യത്തെക്കാൾ ഉയർന്ന വായ്പ നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഓവർ ഡ്രാഫ്റ്റ് ലോൺ ദുരുപയോഗം ചെയ്തതായും ഇതിനായി ഹാജരാക്കിയ കരാർ വ്യാജമാണെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതോടെ ഇസ്മായിലിനെതിരെ വിജിലൻസ് കേസെടുക്കുകയായിരുന്നു. നേരത്തെയും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.















