ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് പങ്കെടുക്കാൻ ലോണെടുക്കേണ്ട ഗതികേടിൽ പാകിസ്താൻ ടീം. വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാതായതോടെ ഒടുവിൽ ലോണെടുക്കേണ്ടിവന്നു. സെപ്റ്റംബർ 8 മുതൽ 17 വരെ ചൈനിയിലെ ഹുലുൻബുയറിലാണ് ടൂർണമെന്റ്. അസ്ലൻ ഷാ കപ്പ് ഹോക്കിയിൽ വെള്ളി നേടി മാസങ്ങൾക്ക് ശേഷമാണ് ടീമിന്റെ ദുരിതം വീണ്ടും പുറം ലോകത്ത് എത്തുന്നത്.
വാർത്താ സമ്മേളനത്തിൽ ഫണ്ട് ഉടനെ വരുമെന്നും പ്രധാനമന്ത്രി ഷഹ്ബാസ് ഷരിഫീനോട് ഒരു പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്താൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് താരിഖ് ബുഗ്തി പറഞ്ഞു.പാകിസ്താ സ്‌പോർട്‌സ് ബോർഡ് (പിഎസ്ബി) ഈ ചെലവുകൾക്കായി പിഎച്ച്എഫിന് ഉടൻ പണം തിരികെ നൽകുമെന്ന് ഉറപ്പ്നൽകി.
ഒരുകാലത്ത് നാല് ലോകകപ്പ് കിരീടങ്ങളും രണ്ട് ഒളിമ്പിക് സ്വർണ മെഡലുകളുമുള്ള ശക്തരായിരുന്നു പാകിസ്താൻ ടീം. എന്നാൽ പിന്നീട് അധികൃതരുടെ കെടുകാര്യസ്ഥതയിൽ തകർന്നടിയുകയായിരുന്നു. പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാനുമായില്ല.