ന്യൂഡൽഹി: വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസർക്കാർ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്മാർട്ട് സിറ്റി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. തെരഞ്ഞെടുത്ത 12 സൈറ്റുകൾ ഉടൻ തന്നെ അത്യാധുനിക വ്യാവസായിക സ്മാർട്ട് സിറ്റികളായി പ്രവർത്തനം ആരംഭിക്കുമെന്ന് കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഊർജ്ജസ്വലമായ വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള സ്മാർട്ട് സിറ്റികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
12 സ്മാർട്ടിസിറ്റികൾ രാജ്യത്തെ 10 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകും. നേരിട്ടല്ലാതെ 30 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടുമുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് വരികയാണ്. ഇലക്ട്രോണിക്സ് നിർമാണമോ, മൊബൈൽ നിർമാണമോ, പ്രതിരോധ മേഖലയിലുള്ള നിർമാണങ്ങളോ എല്ലാം ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഇടനാഴികളെ ബന്ധിപ്പിക്കുന്ന വ്യവസായ മേഖലയിലെ പദ്ധതികൾ പുതിയ മാറ്റങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
2030 ഓടെ ഇന്ത്യയിൽ നിന്നും 2 ട്രില്യൺ കയറ്റുമതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യം വഹിക്കുന്നത്. മോദി സർക്കാരിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ 12 ഇടങ്ങളിലായി ഒരുങ്ങുന്ന സ്മാർട്ട് സിറ്റികൾ പ്രധാന പങ്ക് വഹിക്കും. സുസ്ഥിരവും കാര്യക്ഷമവുമായ വ്യാവസായിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇത്തരം പദ്ധതികൾ നൂതന വികസന പ്രവർത്തനങ്ങൾ ലക്ഷ്യം വക്കുന്നു. മൾട്ടി-മോഡൽ കണക്റ്റിവിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനമന്ത്രിയുടെ ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനുമായാണ് 12 സ്മാർട്ട് സിറ്റി പദ്ധതികളും ബന്ധപ്പെടുന്നത്.
പാലക്കാട് പുതുശേരിയിൽ ഉൾപ്പെടെയാണ് സ്മാർട്ട് സിറ്റികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. 3,000 ലധികം കോടി രൂപയാണ് പാലക്കാടിനായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിൽ ആഗ്രയും പ്രയാഗ്രാജും ബിഹാറിൽ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിൽ ഒർവാക്കലും കൊപ്പാർത്തിയും രാജസ്ഥാനിൽ ജോധ്പുർപാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാർട്ട് സിറ്റികൾ വരുന്നത്. 28,602 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതികൾ യാഥാർത്ഥ്യമാക്കുക.















