തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പശ്ചാത്തലത്തിൽ സിപിഎം നേതാവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ അറിയിച്ചത്.
രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവർ രാജിവച്ചിരുന്നില്ലെന്നാണ് ഇ.പി ജയരാജന്റെ മറുപടി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ എടുത്ത ധൈര്യമായ തീരുമാനമാണ് ഹേമ കമ്മിറ്റി. റിപ്പോർട്ടിന്മേൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. മാദ്ധ്യമങ്ങൾ സർക്കാരിന്റെ നടപടിയെ പ്രശംസിക്കുകയാണ് വേണ്ടത്. തെറ്റുകൾക്ക് ശിക്ഷ ഉണ്ടാകും. മുകേഷിന്റെ രാജി ആവശ്യം ഉന്നയിക്കുന്നവർ അറിയേണ്ടത്, പണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിരുന്നില്ലെന്ന കാര്യമാണ്. പിണറായി സർക്കാർ കുറ്റവാളികളായ ആരെയും രക്ഷിക്കില്ലെന്നും പാർട്ടി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ലൈംഗികാരോപണം ശക്തമാകുമ്പോഴും മുകേഷിനെ തള്ളാൻ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മുകേഷിന്റെ കൊല്ലത്തെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. രണ്ട് ജീപ്പ് പൊലീസുകാരാണ് വീടിന് സമീപം ക്യാമ്പ് ചെയുന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം പ്രതികരിക്കുമെന്നാണ് മുകേഷ് അറിയിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും. കേസ് റദ്ദാക്കാൻ ഹർജി ഫയൽ ചെയ്യുന്നതും ആലോചനയിലാണ്.
അതേസമയം മുകേഷ് എവിടെയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. തിരുവനന്തപുരത്തെയും കൊല്ലത്തേയും വീട്ടിലെത്തിയ മാദ്ധ്യമങ്ങൾക്ക് മുകേഷിനെ കാണാനായില്ല. മുകേഷ് എവിടെയാണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അത് അദ്ദേഹത്തോട് പോയി ചോദിക്കൂവെന്നായിരുന്നു പാർട്ടി കൺവീനറുടെ മറുപടി. ബലാത്സംഗക്കേസ് എടുത്ത സാഹചര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ് മുകേഷ്. കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. കുമാരപുരത്ത് മാദ്ധ്യമങ്ങളെ കാണാൻ തയ്യാറാകുമെന്നാണ് വിവരം.
ബലാത്സംഗക്കേസ് നൽകിയ നടി ബ്ലാക്ക്മെയിൽ ചെയ്തതിന് തെളിവുണ്ടെന്നാണ് മുകേഷിന്റെ വാദം. ഇത് പൊലീസിന് സമർപ്പിച്ചേക്കും. എന്നാൽ താൻ ബ്ലാക്ക്മെയിൽ ചെയ്തെങ്കിൽ തെളിവുകൾ പുറത്തുവിടണമെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ട്.















