ശരീരഭാരവും അടിവയറ്റിലെ കൊഴുപ്പും കാരണം അസ്വസ്ഥരാകുന്നവരാണ് നമ്മളിൽ പലരും. ശരീരം മെലിഞ്ഞതാണെങ്കിലും അടിവയറ്റിലെ കൊഴുപ്പ് പലർക്കും ഏറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആയാസപ്പെട്ട ജോലികൾ ചെയ്യാനും പടികൾ കയറാനും വളരെയധികം പ്രായസം അനുഭവിക്കുന്നവരുമുണ്ട്. അടിവയറ്റിലെ കൊഴുപ്പ് കുറക്കാനായി ചിലർ വ്യായാമങ്ങൾ ചെയ്യാറുണ്ട്. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ മടി കാരണം അത് നിർത്തിവക്കുന്നതാണ് പതിവ്. എന്നാൽ, ആഹാരം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നം ചില സുഗന്ധവ്യഞ്ജനങ്ങളിലൂടെ നമുക്ക് പരിഹരിക്കാനാകും. അവ ഏതെക്കെയെന്ന് നോക്കാം.
മഞ്ഞൾ
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ അത്യുത്തമമാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളിൽ മഞ്ഞൾ ചേർക്കുന്നത് ദഹനത്തിനും സഹായിക്കുന്നു. ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി കുടിക്കുന്നതും നല്ലതാണ്.
ജീരകം
വിശപ്പ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകം ഉത്തമമാണ്. കറികളിൽ അൽപം ജീരകം പൊടിച്ചിടുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഇഞ്ചി
ദഹനത്തിന് സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. എല്ലാ കറികളിലും അൽപം ഇഞ്ചി ചേർക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും, ഭക്ഷണം രുചികരമാക്കി മാറ്റുകയും ചെയ്യുന്നു. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നതും പല രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.
കറുവപ്പട്ട
ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താൻ കറുവപ്പട്ട സഹായിക്കും. ചായയിലും കാപ്പിയിലും കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് ഉത്തമമാണ്. അതുപോലെ അടിവയറ്റിൽ വന്നടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും കറുവപ്പട്ട സഹായിക്കുന്നു.
കുരുമുളക്
ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ് കുരുമുളക്. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറിൽ എന്ന സംയുക്തം ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കുന്നു.















