തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തിൽ കേസ് എഴുതി തളളി പൊലീസ്. തന്റെ വ്യാജ ഒപ്പിട്ട് സമ്മതപത്രം തയ്യാറാക്കിയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്ന കുട്ടിയുടെ അമ്മയായ അനുപമയുടെ പരാതിയാണ് അട്ടിമറിച്ചത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഫോറൻസിക് പരിശോധനയ്‌ക്കായി ഒപ്പിന്റെ സാമ്പിൾ പോലും ശേഖരിക്കാതെയാണ് കേസ് അവസാനിപ്പിച്ചതെന്ന് അനുപമ പരാതിപ്പെട്ടു.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ അനുപമ കുഞ്ഞിന് ജന്മം നൽകിയ ശേഷം മാതാപിതാക്കളും മറ്റ് ബന്ധുക്കളും ചേർന്ന് കടത്തിക്കൊണ്ടുപോയെന്നായിരുന്നു കേസ്. സുഹൃത്തായ അജിത്തുമായുള്ള ബന്ധം വീട്ടിൽ എതിർത്തിരുന്നു. ഈ ബന്ധത്തിലാണ് അനുപമയ്‌ക്ക് കുഞ്ഞ് പിറക്കുന്നത്. കുഞ്ഞിനെ ആരുമറിയാതെ വീട്ടുകാർ കടത്തി. കുടുംബത്തെ ഉപേക്ഷിച്ച് അജിത്തിനോടൊപ്പം ജീവിക്കാൻ തുടങ്ങിയ അനുപമ വീട്ടുകാർ തന്നിൽ നിന്ന് അടർത്തിമാറ്റിയ കുഞ്ഞിനെ തേടിയിറങ്ങിയതോടെയാണ് സംഭവം വാർത്തയാകുന്നത്. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ താൻ സമ്മതപത്രം നൽകിയെന്ന് വരുത്തിത്തീർക്കാൻ വ്യാജരേഖ നൽകിയെന്നായിരുന്നു അനുപമ പേരൂർക്കട പൊലീസിൽ നൽകിയ പരാതി.
ദത്ത് നിയമങ്ങൾ കാറ്റിൽപറത്തി ശിശുക്ഷേമ സമിതിക്കാർ മറ്റൊരു ദമ്പതികൾക്ക് നൽകിയ കുഞ്ഞിനെ അനുപമ നടത്തിയ പോരാട്ടത്തിനൊടുവിലാണ് തിരികെക്കിട്ടിയത്. വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ കടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനുപമ വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരിയുടെ മാതാപിതാക്കൾക്കെതിരെ ഉൾപ്പെടെ പൊലീസ് കേസെടുത്തിരുന്നു. അനുപമയുടെ അച്ഛൻ ഉൾപ്പെടെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളായിരുന്നു പ്രതിപ്പട്ടികയിൽ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടായില്ല. തുടർന്നാണ് പരാതിക്കാരിയെപോലും അറിയിക്കാതെ പൊലീസ് കേസ് എഴുതിത്തള്ളിയത്. സർക്കാരിന്റെ അന്വേഷണ റിപ്പോർട്ടും പുറംലോകം കണ്ടിട്ടില്ല.