ന്യൂഡൽഹി: അതിർത്തിയിൽ നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് നിർണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. നിലവിലെ കാര്യങ്ങളെ കുറിച്ചും മുന്നോട്ടേക്കുള്ള വ്യക്തമായ കാഴ്‌ച്ചപ്പാടുകളെ കുറിച്ചും ഉന്നതതല പ്രതിനിധികൾ ആശയവിനിമയം നടത്തിയതായി വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും നിലവിലുള്ള പ്രശ്‌നങ്ങളില്‍
പരിഹാരം കണ്ടെത്തുന്നതുമെല്ലാം ഇരുപക്ഷവും ചർച്ച ചെയ്തു.
ബീജിംഗിൽ നടന്ന 31ാമത് വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ യോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. അതിർത്തി മേഖലകളിൽ സമാധാനം പുന:സ്ഥാപിക്കുക, നിയന്ത്രണ രേഖയെ മാനിക്കുക എന്നതുമാണ് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള അടിസ്ഥാന മാർഗ്ഗമെന്ന കാര്യം ഇന്ത്യ ആവർത്തിച്ചു. ജൂലൈയിൽ അസ്താനയിലും വിയന്റിയാനയിലും നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ മുന്നോട്ട് വച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും, ഭാവിയിലേക്കുള്ള കാര്യങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിന് ആശയവിനിമയം നടത്താനും ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗൗരംഗലാൽ ദാസ് ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഹോങ് ലിയാങ് ആണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ചത്. ഉഭയകക്ഷി കരാറുകളിലെ ധാരണകൾ പാലിച്ചുകൊണ്ട് അതിർത്തിയിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന കാര്യമാണ് ഇരുപക്ഷവും പ്രധാനമായി ഉയർത്തിപ്പിടിച്ചത്. നയതന്ത്ര, സൈനിക മേഖലകളിലും ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.















