ടെൽ അവീവ്: ഗാസയിലെ കുട്ടികൾക്ക് പോളിയോ വാക്‌സിനേഷൻ നൽകുന്നതിന്റെ ഭാഗമായി ഏറ്റുമുട്ടലിന് മൂന്ന് ദിവസത്തെ ഇടവേള നൽകാൻ ഇസ്രായേൽ സൈന്യവും ഹമാസും സമ്മതിച്ചതായി ലോകാരോഗ്യ സംഘടന. ഗാസയിലെ 6,40,000 കുട്ടികൾക്കാണ് ആദ്യഘട്ട വാക്‌സിനേഷൻ നൽകുന്നത്. ഞായറാഴ്ചയാണ് വാക്‌സിനേഷൻ ക്യാമ്പെയ്‌ന് തുടക്കമാകുന്നത്.
തുടർച്ചയായ മൂന്ന് ദിവസം രാവിലെ ആറ് മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്താണ് കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ നൽകുന്നത്. ഇവിടെ നിന്ന് ഗാസയുടെ തെക്കൻ മേഖലകളിലേക്കും, പിന്നീട് വടക്കൻ മേഖലകളിലേക്കും വാക്‌സിനേഷൻ ക്യാമ്പ് നീട്ടും. ഓരോ സോണിലും വെടിനിർത്തൽ നടപ്പാക്കുന്നത് ആവശ്യമെങ്കിൽ നാലാമത്തെ ദിവസത്തിലേക്ക് നീട്ടാൻ ധാരണയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്ക് റയാൻ വ്യക്തമാക്കി.
ആദ്യ ഘട്ട വാക്‌സിനേഷൻ നൽകി നാല് ആഴ്‌ച്ചകൾക്ക് ശേഷം രണ്ടാം ഘട്ടം നടത്തേണ്ടി വരുമെന്നും അധികൃതർ പറയുന്നു. പോളിയോ വ്യാപനം തടയുന്നതിനായി ക്യാമ്പെയ്‌നിന്റെ ഓരോ ഘട്ടത്തിലും 90 ശതമാനം കുഞ്ഞുങ്ങളിലേക്കും ഇത് എത്തിക്കേണ്ടതുണ്ട്. അടുത്തിടെ ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഒരു കുഞ്ഞിന് പക്ഷാഘാതം സംഭവിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഗാസയിൽ ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനും പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്‌നെ ലോകാരോഗ്യ സംഘടനയുമായും യൂനിസെഫുമായും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിനും സഹകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഒരെൻ മാർമോസ്റ്റിൻ പറയുന്നു. ക്യാമ്പെയ്‌നിന്റെ സമയത്ത് ഇസ്രായേൽ വഴി ഗാസയിലേക്ക് കടക്കാനുള്ള സൗകര്യങ്ങളുണ്ടാകും. ഈ സമയത്ത് സൈനിക ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ടെന്ന് യുഎൻ പ്രതിനിധിയായ റോബർട്ട് വുഡ് പറഞ്ഞു. ക്യാമ്പെയ്‌നിൽ ഏജൻസികളുമായി സഹകരിക്കുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.