പാൽഘർ: മഹാരാഷ്‌ട്രയിലെ സിന്ധ്ദുർഗിലുള്ള ശിവജി പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങളോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷം ഡിസംബർ നാലിന് മോദി അനാച്‌ഛാദനംചെയ്ത ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയാണ് ദിവസങ്ങൾക്ക് മുൻപ് തകർന്നത്. ദൗർഭാഗ്യകരമായ സംഭവത്തിൽ വേദനിക്കാനിടയായ ജനങ്ങളോട് താൻ തലകുനിച്ച് ക്ഷമാപണം നടത്തുന്നതായി മോദി പറഞ്ഞു. മഹാരാഷ്‌ട്രയിലെ മാൽവാനിലെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംഭവം വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെത്തുടർന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് ക്ഷമാപണം നടത്തിയത്. പ്രതിപക്ഷം വിഷയത്തിൽ മാപ്പുപറയാൻ തയാറാകാത്തതിനെയും അദ്ദേഹം വിമർശിച്ചു. “ഛത്രപതി ശിവജി മഹാരാജാവിനെ ഈശ്വരനായി കാണുന്ന ജനങ്ങൾക്ക് മുന്നിൽ അവരെ വേദനിപ്പിക്കാനിടയായതിൽ ഞാൻ തലകുനിച്ച് ക്ഷമ ചോദിക്കുന്നു. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഈശ്വരനോളം വലുതായി മറ്റൊന്നുമില്ല,”പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്‌ട്രയുടെ പുത്രനായ വീരസവർക്കറിനെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. “ഛത്രപതി ശിവജി മാഹാരാജെന്നത് നമുക്ക് വെറുമൊരു പേരല്ല. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. നമ്മൾ ഒരിക്കലും ഭാരതാംബയുടെ ധീരനായ പുത്രൻ വീരസവർക്കറിനെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവരല്ല. കോടതിയിൽ പോയി പോരാടാൻ അവർ തയ്യാറാണ് എന്നാൽ മാപ്പ് പറയാൻ തയ്യാറല്ല,” മോദി പറഞ്ഞു.
അതേസമയം ശിവജി പ്രതിമ പുനർനിർമ്മിക്കാൻ സംസ്ഥാനസർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുകയാണെന്നും സംഭവത്തെകുറിച്ച് അന്വേഷിക്കാൻ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചതായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.