…ആർ.കെ രമേഷ്….
അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജയ്പൂർ സ്വദേശിയായ 22-കാരി. ദക്ഷിണ കൊറിയയുടെ ലീ യുൻറിയെയും സഹതാരം ഇന്ത്യൻ മോന അഗർവാളിനെയും പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു താരം പൊന്നണിഞ്ഞത്. കൈകളുടെയും ഇടുപ്പിന് താഴെയും ചലനം പരിമിതമായവർക്കും കൈയോ കാലോ നഷ്ടമായവർക്കും പങ്കെടുക്കാൻ സാധിക്കുന്ന വിഭാഗമാണ് SH1.
പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടുന്ന അവനിയിലേക്കുള്ള യാത്ര ആ പെൺതരിക്ക് എളുപ്പമായിരുന്നില്ല. അവസാനനിമിഷം അലട്ടിയ അസുഖങ്ങളെ മറികടന്നാണ് താരം പാരിസിലെത്തിയത്. പിത്താശയ കല്ല് നിക്കം ചെയ്തതിനെ തുടർന്ന് ഒന്നരമാസം കിടപ്പിലായിരുന്നു താരം. ശരീര ഭാരം കുറയുകയും ശസ്ത്രക്രിയയുടെ അസ്വസ്ഥതകൾ അലട്ടിയെങ്കിലും അവനി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.
കാരണം 11-ാം വയസിൽ വീൽ ചെയറിലാക്കിയ കാറപകടത്തെയെയും വിധിയെയും തേൽപ്പിച്ചാണ് അവൾ ജീവിതവും സ്വപ്നങ്ങളും വീണ്ടും നെയ്തെടുത്തത്. രാജസ്ഥാൻ സർക്കാരിലെ ഫോറസ്റ്റ് കൺസർവേറ്ററായ അവനി പാരിസിലെത്താൻ അക്ഷീണം പ്രയത്നിച്ചു. സ്ട്രെംഗ്തും കൃത്യതയും വീണ്ടെടുക്കാൻ വിശ്രമമില്ലാതെ പരിശീലിച്ചു.
2021 ടോക്കിയോയിൽ സ്വർണം വെടിവച്ചിട്ടതോടെയാണ് അവനി വാർത്തകളിൽ ഇടംപിടിക്കുന്നത്. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതിയും അവനി സ്വന്തമാക്കിയിരുന്നു. 50 മിറ്റർ റൈഫിൾ 3 പൊസിഷനിൽ ടോക്കിയോയിൽ വെങ്കലം നേടാനും താരത്തിന് സാധിച്ചിരുന്നു. പാരിസിലും അവനി മെഡൽ നേട്ടം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അവനിയുടെ കഠിനാദ്ധ്വാനവും സമർപ്പണവും ഇന്ത്യക്ക് പ്രചോദനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചത്.
അവനിയുടെ സ്വർണത്തോടെയാണ് ഇന്ത്യ പാരാലിമ്പിക്സിൽ അക്കൗണ്ട് തുറന്നത്. 249.7 എന്ന റെക്കോർഡ് പോയിൻ്റോടെയാണ് അവനി സ്വർണം കൊയ്തത്.രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് അവനി. 2012-ലുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ജീവിതം വീൽ ചെയറിലേക്കും വീട്ടിലും മാത്രമായി ഒതുങ്ങി. എന്നാൽ അവളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചതും പിന്തുണ നൽകി ഒപ്പം നിന്നതും പിതാവാണ്.
Avani Lekhara 🇮🇳♥️https://t.co/zOi9DvdZv8
— The Khel India (@TheKhelIndia) August 30, 2024
ആർച്ചറിയെ ഇഷ്ടപ്പെട്ടിരുന്ന അവനി, 2008-ലെ ബെയ്ജിംഗ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ ‘എ ഷോട്ട് അറ്റ് ഹിസ്റ്ററി’ വായിച്ചതിന് ശേഷമാണ് ഷൂട്ടിംഗിലേക്ക് തിരിഞ്ഞത്. 2015-ൽ ജയ്പൂരിലെ ജഗത്പുര സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഷൂട്ടിംഗ് പരിശീലനം ആരംഭിച്ചു. ആത്മസമർപ്പണവും കഠിനാദ്ധ്വാനവും അവൾക്ക് വിജയങ്ങൾ സമ്മാനിച്ചു. ജൂനിയർ, സീനിയർ തലങ്ങളിൽ ലോക റെക്കോർഡുകൾ സ്ഥാപിച്ച്, പാരാ ഷൂട്ടിംഗിൽ അവനി താരമായി ഉയർന്നു.
2017-ൽ യുഎഇയിലെ അൽ ഐനിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വെള്ളി മെഡൽ നേട്ടത്തോടെ വരവറിയിച്ചു. 2019 ൽ ക്രൊയേഷ്യയിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വീണ്ടും വെള്ളിമെഡൽ നേട്ടം. 2021 മാർച്ചിൽ, വനിതകളുടെ R2 10m എയർ റൈഫിൾ വനിതകളുടെ SH1 ഇനത്തിൽ ആദ്യ ദേശീയ പാരാ-ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അവനി സ്വർണമണിഞ്ഞു. ഷൂട്ടിംഗിന് പുറമെ പാട്ടും സിനിമയും പാചകവുമാണ് ഈ 22-കാരിയുടെ ഇഷ്ടങ്ങൾ.
India opens its medal account in the #Paralympics2024!
Congratulations to @AvaniLekhara for winning the coveted Gold in the R2 Women 10M Air Rifle SH1 event. She also creates history as she is the 1st Indian woman athlete to win 3 Paralympic medals! Her dedication continues to…
— Narendra Modi (@narendramodi) August 30, 2024