എറണാകുളം: കുറ്റം ചെയ്തവരെ സംഘടന ഒരിക്കലും സംരക്ഷിക്കില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണി കൃഷ്ണൻ. ഫെഫ്ക മൗനം പാലിച്ചിട്ടില്ല. ഫെഫ്കയുടെ കീഴിലുള്ള എല്ലാ യൂണിയനുകളുടെയും അഭിപ്രായങ്ങൾ തേടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണം. അത് തന്നെയാണ് ഫെഫ്കയുടെയും നിലപാട്. കുറ്റം ചെയ്തവരാണെന്ന് തെളിഞ്ഞാൽ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താമെന്ന് ഫെഫ്ക തീരുമാനിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിക്കുകയും ചെയ്തു. എന്നാൽ ചിലർ അതിനെ എതിർത്തു. എന്നിട്ട് അവർ തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചു. ആഷിഖ് അബുവിന്റെ രാജി തമാശയായാണ് തോന്നുന്നത്.
നടിമാരുടെ വെളിപ്പെടുത്തൽ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ കമ്മിറ്റി വിഷയത്തിൽ കൃത്യമായി ഇടപെടണമായിരുന്നു. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാനും ഫെഫ്കയുടെ കോർ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്. ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നിവരുടെ സംഘടനകൾ രൂപീകരിക്കാനാണ് ഫെഫ്കയുടെ തീരുമാനം.
ഫെഫ്കയുടെ വനിത അംഗങ്ങളുടെ യോഗത്തിലാണ് വിവിധ മേഖലയിലുള്ളവർക്കായി പ്രത്യേക സംഘടനകൾ രൂപീകരിക്കാൻ തീരുമാനമായത്. ആരോപണവിധേയർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഡ് ചെയ്യും. പൊലീസിനെ അറിയിക്കേണ്ട വിഷയങ്ങൾ പൊലീസിനെ അറിയിച്ച് കൃത്യമായ നടപടി സ്വീകരിക്കും. ഗുരുതരമായ പ്രശ്നങ്ങൾക്ക് ഒത്തുതീർപ്പ് എന്നൊരു സമീപനമില്ല. വനിതകളുടെ പ്രശ്നങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.















