തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി. ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ഭാര്യയോടാണ് ജഡ്ജി ചോദ്യമുന്നയിച്ചത്.12,000 രൂപ സമ്പാദിക്കുന്ന ഒരാൾ തന്റെ മകന്റെ സംരക്ഷണത്തിനായി 10,000 രൂപ നൽകുന്നുവെന്നറിഞ്ഞാണ് ജഡ്ജി അത്ഭുതപ്പെട്ടത്. കോടതി നടപടികളുടെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“12,000 രൂപ ശമ്പളം ലഭിക്കുന്ന യുവാവ് 10,000 രൂപ ജീവനാംശമായി നൽകണമെന്ന് കോടതിക്കെങ്ങനെ വിധിക്കാനാകും? അങ്ങനെ നൽകിയാൽ യുവാവ് എങ്ങനെ ജീവിക്കും, അത് പറ്റില്ല ,” കോടതി പറഞ്ഞു.
കുട്ടിയെ പരിപാലിക്കാൻ 10,000 രൂപ നൽകണമെന്ന് വിചാരണക്കോടതി വിധിച്ചിരുന്നതായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് കോടതിക്ക് യുവാവിന് 12,000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്ന് ബോധ്യമായത്. തുടർന്ന് ഇത്രയും തുക അനുവദിക്കാനാകില്ലെന്നും ഭർത്താവിന്റെ ശമ്പളം വർദ്ധിക്കുന്ന പക്ഷം ഭാര്യക്ക് ജീവനാംശം കൂടുതൽ ലഭിക്കാൻ അപേക്ഷ നൽകാമെന്നും ഹൈക്കോടതി വിധിച്ചു. കർണാടക ഹൈക്കോടതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്ത് വന്നത്.