തിരുവനന്തപുരം: കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരനാണ് മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
മോഹൻലാലിന്റെ മനുഷ്യത്വവും ജീവകാരുണ്യ മനോഭാവവും എടുത്തുപറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രളയ ദുരന്തമുണ്ടായപ്പോൾ ആദ്യഘട്ടത്തിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള തന്റെ സംഭാവനയുമായി മോഹൻലാൽ നേരിട്ട് വന്നത് മുഖ്യമന്ത്രി സദസിനെ ഓർമ്മിപ്പിച്ചു. ഈയിടെ വയനാട് ദുരന്തമുണ്ടായപ്പോഴും ആദ്യം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സഹായം പ്രഖ്യാപിച്ചവരുടെ നിരയിലാണ് മോഹൻലാലെന്ന് അദ്ദേഹം പറഞ്ഞു.
ഭാവവൈവിധ്യങ്ങളുടെ കലാകാരനാണ് മോഹൻലാൽ. വ്യത്യസ്തങ്ങളായ എത്രയോ ഭാവങ്ങളുളള കഥാപാത്രങ്ങളെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. ചലച്ചിത്ര കലാകാരനായിരിക്കെ തന്നെ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ പദവിയിലിരുന്ന് ചെറുപ്പക്കാരെ സൈനിക സേവനത്തിലൂടെ രാജ്യരക്ഷയ്‌ക്ക് സംഭാവന ചെയ്യാൻ മോഹൻ ലാൽ പ്രേരിപ്പിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ എടുത്തുപറയേണ്ട മിഴിവോടെ അദ്ദേഹം വെളളിത്തിരയിലൂടെ മലയാള പ്രേക്ഷകരുടെ മനസിൽ സ്ഥാപിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അഭിനയ കലയിൽ അത്യപൂർവ്വമായ ആളുകൾക്ക് മാത്രം അളന്ന് കുറിക്കാൻ കഴിഞ്ഞിട്ടുളള ഔന്നത്യങ്ങളിലേക്ക് മോഹൻലാലിന് എത്താൻ സാധിച്ചു. ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് അർഹതയ്‌ക്കുളള അംഗീകാരമായി തിളങ്ങി നിൽക്കും. ജീവിതമാകെ കലയ്‌ക്കായി സമർപ്പിച്ചാൽ മാത്രമേ കലയിൽ അത്യുന്നത തലങ്ങളിലേക്ക് ഉയരാൻ സാധിക്കൂ. കലാരംഗത്തേക്ക് കടക്കുന്ന പുതുതലമുറക്കാർക്ക് ഈ സന്ദേശം നൽകുന്ന ജീവിതത്തിന്റെ ഉടമകളാണ് ശ്രീകുമാരൻ തമ്പിയും മോഹൻലാലുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രം ഈ കാലത്തിന്റെ ഏറ്റവും വലിയ ജനകീയ മാദ്ധ്യമമാണ്. ഇത്ര ശക്തമായും വിപുലമായും മറ്റേതെങ്കിലും ഒരു കല ജനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പറയാനാകില്ല. അതിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മനസുകളെ മലിനമാക്കുന്ന കാര്യങ്ങൾ സിനിമയിലായാലും സിനിമാരംഗത്തായാലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്. ജനങ്ങൾ നൽകുന്ന വലിയ ആരാധനയും സ്‌നേഹവുമൊക്കെ അവർക്ക് ധാർമ്മിക മൂല്യങ്ങൾ പകർന്നു കൊടുക്കുന്ന തരത്തിൽ തിരിച്ചുകൊടുക്കാനുളള ഉത്തരവാദിത്വവും ചുമതലയും കടമയും ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് നിർഭയമായി കടന്നുവന്ന് അവരുടെ കഴിവ് തെളിയിക്കാനുളള എല്ലാ സ്വതന്ത്ര അവസരങ്ങളും ചലച്ചിത്ര രംഗത്തുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.