കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മൂന്ന് ടിവി ചാനലുകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തം തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ മമത സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ചാനലുകൾ ബംഗാൾ വിരുദ്ധ പ്രചരണം നടത്തിയെന്നാരോപിച്ചാണ് സർക്കാർ ഇവ ബഹിഷ്‌കരിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.
എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി 9 എന്നീ ചാനലുകൾ ബഹിഷ്‌കരിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഈ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ വക്താക്കൾ പങ്കെടുക്കേണ്ടതില്ലെന്നും പ്രസ്താവനയിൽ നിർദ്ദേശമുണ്ട്. ബംഗാൾ വിരുദ്ധ പ്രചരണമാണ് ഇക്കൂട്ടർ നടത്തുന്നതെന്നും, ഡൽഹിയിലെ നേതാക്കളെ പ്രീതിപ്പെടുത്താനുമാണ് ചാനലുകൾ ശ്രമിക്കുന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം.
ഇനി ഈ ചാനലുകളിൽ പാർട്ടി അനുഭാവികളെന്ന പേരിൽ ആരെങ്കിലും അഭിപ്രായ പ്രകടനം നടത്തിയാൽ അത് പാർട്ടി നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ലെന്നും, ഒരാളെയും പാർട്ടി ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ചാനലുകൾ പുറത്തുവിടുന്നതെന്നാണ് തൃണമൂൽ ആരോപിക്കുന്നത്.
ടിവി ചാനലുകളിൽ പാർട്ടി നേതാക്കൾ നടത്തിയ പല പരാമർശങ്ങളും തൃണമൂലിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള തീരുമാനം. എബിപി ആനന്ദയിൽ നടന്ന ചർച്ചയ്‌ക്കിടെ മുതിർന്ന തൃണമൂൽ നേതാവും എംപിയുമായ കാകോലി ഘോഷ് ദസ്തിദാർ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ബംഗാളിൽ സിപിഎം കാലത്ത് പാസ് മാർക്ക് ലഭിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളെ അവർ മടിയിലിരുത്തുമായിരുന്നു എന്ന പ്രസ്താവനയ്‌ക്കെതിരെ ഡോക്ടർമാർ തന്നെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇവർ പരസ്യമായി മാപ്പ് പറയുകയും പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.