രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നതാണ് തന്റെ എക്കാലത്തെയും ആഗ്രഹമെന്ന് സംവിധായകൻ വെങ്കട് പ്രഭു. വിജയിയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം ഗോട്ടിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ജീവിതത്തിലെ തന്റെ വളർച്ചയെ കുറിച്ചും അജിത്, വിജയ് എന്നീ താരങ്ങളോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളെ കുറിച്ചും വെങ്കട് പ്രഭു പങ്കുവച്ചു.
“അജിത്തിനും വിജയിക്കും അവരുടേതായ ചില രീതികളുണ്ട്. തമിഴ് സിനിമാ ലോകത്തെ രണ്ട് മുൻനിര താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായാണ് കാണുന്നത്. അടുത്തത്, രജനികാന്ത്. അതാണ് എന്റെ ഇനിയുള്ള ഊഴം. രജനികാന്ത് സാറിനൊപ്പം സിനിമ ചെയ്യാൻ സാധിച്ചാൽ അതെന്റെ സ്വപ്ന സാഫല്യമായിരിക്കും”.
അജിത് സെറ്റിൽ വളരയധികം ക്ലോസാണ്. എന്നാൽ വിജയ് അധികം ആരോടും സംസാരിക്കാറില്ല. ഇരുവരോടൊപ്പവും സമയം ചെലവഴിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണ് ഗോട്ട്. ഒരുപാട് ട്വിസ്റ്റുകളും സസ്പെൻസുകളും സിനിമയിലുണ്ട്. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ആസ്വദിക്കാൻ കഴിയുന്ന നിലയിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നും വെങ്കട് പ്രഭു പറഞ്ഞു.















