നടി റിമാ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ഗായിക സുചിത്ര നടത്തിയ ഗുരുതര ആരോപണങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ ചൊല്ലിയുള്ള കോലാഹലങ്ങൾക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. മാദ്ധ്യമങ്ങൾ അവ ആഘോഷമാക്കുമ്പോൾ എന്തുകൊണ്ടാണ് സുചിത്രയുടെ വെളിപ്പെടുത്തലിൽ തികഞ്ഞ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. നേരത്തെ മട്ടാഞ്ചേരി മാഫിയ ആരോപണവും മാദ്ധ്യമങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നൽകാതെ തള്ളി കളഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരു യുവഗായിക ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നുള്ളത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. രു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത്? പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും ലീഗും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്? എല്ലാ കാര്യത്തിലും കാടടച്ചുവെടിവെക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടിൽ ഉയർന്ന ഈ ആരോപണം എന്തുകൊണ്ടായിരിക്കും അദ്ദേഹവും തമസ്കരിച്ചതെന്നറിയാൻ കേരളം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു.
നർകോട്ടിക്സ് ബ്യൂറോയും പൊലീസും വിഷയത്തെ ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അമാന്തം തുടർന്നാൽ നിയമനടപടികൾ തുടങ്ങുമെന്ന് അധികൃതരെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിമാ കല്ലിങ്കലിന്റെ കരിയർ തന്നെ നശിച്ചത് അവർ നടത്തിയ ലഹരി പാർട്ടികളാണ്. റിമയുടെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടെന്നും പെൺകുട്ടികൾ ലൈംഗികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും സുചിത്ര ആരോപിച്ചു. ആഷിഖ് അബുവാണ് ഇതിന് കൂട്ടെന്നും ആണുങ്ങൾ ഉൾപ്പടെ ഇരുവരുടെയും ഇരകളായിട്ടുണ്ടെന്നും അവർ തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. റിമയും ആഷിഖ് അബുവും നടത്തുന്ന പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്നും സുചിത്ര കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ ലഹരി മാഫിയ നിയന്ത്രിക്കുന്നത് ആഷിഖ് അബിന്റെ നേതൃത്വത്തിലുള്ള മട്ടാഞ്ചേരി മാഫിയയാണെന്ന ആരോപണവും നേരത്തെ വന്നിരുന്നു. ഇതിനിടെയാണ് ഗായികയുടെ ഗുരുതര ആരോപണങ്ങൾ.















