കൊൽക്കത്ത: ബംഗാളിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പാർട്ടി നേതാക്കൾ ഭീഷണി മുഴക്കുന്നതിനും, അപകീർത്തി പ്രസ്താവനകൾ നടത്തുന്നതിനുമെതിരെ മുന്നറിയിപ്പുമായി തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. ആരോഗ്യ പ്രവർത്തകർക്കെതിരെയോ, പ്രതിഷേധിക്കുന്ന സാധാരണക്കാർക്കെതിരെയോ മോശമായി സംസാരിക്കരുതെന്നും ജാഗ്രത വേണമെന്നുമാണ് അഭിഷേക് ബാനർജി മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധം നടത്തുന്നവർക്കെതിരെ ശബ്ദം ഉയർത്താൻ മുഖ്യമന്ത്രി മമത ബാനർജി ഒരു പൊതു സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. പിന്നാലെയാണ് നേതാക്കൾ വലിയ രീതിയിൽ അധിക്ഷേപ പരാമർശങ്ങൾ നടത്താൻ തുടങ്ങിയത്. എന്നാലിത് പാർട്ടിക്ക് തന്നെ തലവേദനയായതോടെ മമത ഒടുവിൽ തന്റെ തന്നെ പ്രസ്താവനയിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പാർട്ടി നേതാക്കളുടെ മോശം പ്രസ്താവനകൾക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് അഭിഷേക് ബാനർജിയും അണികൾക്ക് ഇത്തരമൊരു നിർദേശം നൽകിയത്. ” പാർട്ടി പ്രതിനിധികൾ വിനയത്തോടെയും സഹാനുഭൂതിയോടെയും ആളുകളുമായി ഇടപഴകണം. ആരോഗ്യ പ്രവർത്തകരെയോ സാധാരണക്കാരായ ജനങ്ങളെയോ മോശക്കാരാക്കി ചിത്രീകരിക്കരുത്. പ്രതിഷേധിക്കാനുള്ള അവകാശം നമ്മൾ അവർക്ക് നൽകുന്നു എന്നതാണ് ബംഗാളിനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും” അഭിഷേക് ബാനർജി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഹബ്രയിലെ തൃണമൂൽ കൗൺസിലറുടെ ഭർത്താവ് അതീഷ് സർക്കാർ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരുടെ അമ്മയുടേയും സഹോദരിമാരുടേയും ചിത്രങ്ങൾ വികൃതമാക്കി അവരുടെ തന്നെ വീടുകളുടെ വാതിലുകളിൽ തൂക്കിയിടുമെന്നും, പിന്നെ അവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. തൃണമൂലുകാർ പ്രതിഷേധക്കാരെ തിരിച്ചടിക്കാൻ തുടങ്ങിയാൽ അവർക്കൊരിക്കലും തടുത്ത് നിർത്താൻ പോലും കഴിയില്ലെന്നും ഇയാൾ ഒരു പ്രസംഗത്തിൽ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പാർട്ടി അതീഷ് സർക്കാരിനെ സസ്‌പെൻഡ് ചെയ്യാൻ നിർബന്ധിതരായി
അതേ ദിവസം തന്നെയാണ് തൃണമൂൽ എംപിയായ കാകോലി ഘോഷ് ദസ്തിദാർ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥിനികൾ പരീക്ഷ നടത്താനെത്തുന്നവരുടെ മടിയിലിരുന്നു കൊണ്ട് മാർക്ക് നേടുന്ന ഒരു പ്രവണത ഉണ്ടായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. ഇതിന് പിന്നാലെ തൃണമൂൽ എംഎൽഎ കാഞ്ചൻ മുള്ളിക്, സംസ്ഥാന മന്ത്രിസഭാംഗമായ ഉദയൻ ഗുഹ, തൃണമൂൽ എംപി അരൂപ് ചക്രവർത്തി തുടങ്ങിയവരും പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പ്രസംഗങ്ങൾ നടത്തിയിരുന്നു.