കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനേയും മറ്റ് മൂന്ന് പേരെയും സിബിഐ അറസ്റ്റ് ചെയ്ത സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അറസ്റ്റിലായവരുമായി തൃണമൂൽ നേതാക്കൾക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
സിബിഐ അറസ്റ്റ് ചെയ്ത ആശുപത്രി ജീവനക്കാരനായ ബിപ്ലവ് സിംഹ, സുമൻ ഹസാര എന്നിവർക്ക് തൃണമൂൽ എംഎൽഎയും ഹൗറ ജില്ലയിലെ പാർട്ടി മേധാവിയുമായ കല്ല്യാൺ ഘോഷുമായി അടുത്ത ബന്ധമാണുള്ളതെന്ന് അമിത് മാളവ്യ വ്യക്തമാക്കി. ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും അമിത് മാളവ്യ സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. കേസിൽ നുണപരിശോധനയ്‌ക്ക് വിധേയയാകാൻ മമത ബാനർജി തയ്യാറാകണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
മമത ദീദി തന്നെ തന്നെ ആശുപത്രിയിലേക്ക് അയച്ചതാണെന്നാണ് അറസ്റ്റിലായ മറ്റൊരു വ്യക്തി അഫ്‌സർ അലി ഒരു വീഡിയോയിൽ അവകാശപ്പെടുന്നത്. ഇതൊന്നും യാദൃശ്ചികമല്ലെന്നും, തൃണമൂൽ നേതാക്കൾക്ക് ഈ കേസിൽ ബന്ധമുണ്ടെന്നും അമിത് മാളവ്യ പറയുന്നു. സന്ദീപ് ഘോഷിന്റെ സുരക്ഷാ ചുമതല വഹിക്കുന്നയാളാണ് അഫ്‌സർ അലി. അറസ്റ്റിലായ അഫ്‌സർ അലിയും, സുമൻ ഹസാരയും, ബിപ്ലവ് സിംഹയും ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാനും പ്രവർത്തിച്ചിരുന്നതായി സിബിഐ ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ അറസ്റ്റിൽ പ്രതികരിക്കാനില്ലെന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷ് പറഞ്ഞു. സിബിഐ കേസ് അന്വേഷിക്കട്ടെയെന്നും പാർട്ടി ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചില പരാതികൾ സന്ദീപ് ഘോഷുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നും, അന്ന് നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ചില പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്നും കുനാൽ ഘോഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കേസിലെ മുഖ്യ പ്രതി സഞ്ജയ് റോയി പിടിയിലായതിന് ശേഷം സംഭവിക്കുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് സന്ദീപ് ഘോഷിന്റേത്. കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്യാൻ ആരംഭിച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ പതിനഞ്ചാം ദിവസമാണ് സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതേസമയം പൊലീസ് കമ്മീഷണർ വിനീത് ഗോയലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും പ്രതിഷേധിക്കുന്ന ഡോക്ടർമാർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇയാൾ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.