കൂടുതൽ സമയവും സ്‌ക്രീനിൽ നോക്കിയിരിക്കാൻ നിർബന്ധിതരാകുന്ന ജോലികളിലാണ് ഇന്നത്തെ യുവതലമുറയിൽ കൂടുതൽ പേരും ഏർപ്പെട്ടിരിക്കുന്നത്. അത്തരക്കാർ പേടിക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത് കാരണം ഈ അവസ്ഥ വൈകാതെ നിങ്ങളെ “ഡിജിറ്റൽ ഡിമൻഷ്യ”യിലേക്ക് തള്ളിവിടും. ഈ രോഗാവസ്ഥയുടെ പേര് അപരിചിതമായി തോന്നിയാലും ഇതിന്റെ ലക്ഷണങ്ങൾ നിങ്ങളിൽ പലർക്കും സുപരിചിതമായിരിക്കും.
കൃത്യമായ ശാരീരിക വ്യായാമം ലഭിക്കാതെ കൂടുതൽ സമയം സ്‌ക്രീനിനുമുന്നിൽ ചിലവഴിക്കുന്നവരിലാണ് ഡിജിറ്റൽ ഡിമെൻഷ്യ കണ്ടുവരുന്നത്. ഓർമ്മക്കുറവായിരിക്കും ഇത്തരക്കാരെ അലട്ടുന്ന പ്രധാന ലക്ഷണം. സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് തലച്ചോറിലെ ഓർമ്മ ശക്തിയെയും ബുദ്ധിശക്തിയെയും സംബന്ധിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ഓർമ്മക്കുറവ്, വാക്കുകൾ ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ട്, ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ്, പഠന ശേഷി കുറയുക മുതലായവയാണ് ഡിജിറ്റൽ ഡിമൻഷ്യയുള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. സ്‌ക്രീനിൽ സമയം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുസ്ഥലത്ത് തന്നെ ഒരേ രീതിൽ ഒരുപാട് നേരം ഇരിക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് പൊണ്ണത്തടി, ശരീര വേദന, നടുവേദന, പുറംവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.
ദിവസത്തിൽ നാല് മണിക്കൂറിലധികം സ്‌ക്രീൻ ഉപയോഗിക്കുന്ന വ്യക്തികൾക്ക് വാസ്കുലർ ഡിമൻഷ്യയും അൽഷിമേഴ്‌സ് രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിന് ശരിയായ അളവിൽ വ്യായാമം നൽകുക, സ്‌ക്രീൻ സമയം കുറയ്‌ക്കുക എന്നിവയിലൂടെ മാത്രമേ ഈ അവസ്ഥയിൽ മാറ്റമുണ്ടാവുകയുള്ളുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.















