ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കെജ്‌രിവാൾ കൂടാതെ എഎപി എംഎൽഎ ദുർഗേഷ് പഥക്, വിനോദ് ചൗഹാൻ, ആശിഷ് മാത്തൂർ, ശരത് റെഡ്ഡി, അമിത് അറോറ എന്നിവർക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് പരിഗണിച്ചത്. എല്ലാ പ്രതികൾക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്.
കെജ്‌രിവാളിനും മറ്റ് പ്രതികൾക്കുമെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്നും പ്രത്യേക ജഡ്ജി കാവേരി ബവേജ ചൂണ്ടിക്കാട്ടി. കേസിൽ രേഖകൾ സമർപ്പിക്കാൻ സമയം നൽകിയ കോടതി വിഷയം സെപ്റ്റംബർ 11ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന്റെ ജൂഡീഷ്യൽ കസ്റ്റഡി കലാവാധി സെപ്റ്റംബർ 11നാണ് അവസാനിക്കുക.
ഡൽഹി മദ്യനയ അഴിമതിക്കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് അരവിന്ദ് കെജ്‌രിവാളെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മദ്യനയ അഴിമതിയിൽ കെജ്‌രിവാളിന് നിർണായക പങ്കാണുള്ളത്. കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരം അടുത്ത അനുയായി വിജയ് നായർ, സൗത്ത് ലോബിയിലെ മദ്യവ്യാപാരികളുമായി ബന്ധപ്പെട്ടു. സൗത്ത് ലോബിയിൽ നിന്ന് കൈക്കൂലിയായി ലഭിച്ച 100 കോടി രൂപ ഗോവ തെരഞ്ഞെടുപ്പിന്റെ എഎപിയുടെ പ്രചാരണത്തിന് ഉപയോഗിച്ചു. ആംആദ്മി എംഎൽഎ ദുർഗേഷ് പഥക്കാണ് അന്ന് ഗോവ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തത്. 45 കോടി രൂപയുടെ ഇടപാടുകൾ ചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായും സിബിഐ അവകാശപ്പെടുന്നു.















