ന്യൂയോർക്ക്: ഹമാസ് ഭീകരസംഘടനയുടെ നേതാക്കൾക്കെതിരെ അമേരിക്ക തീവ്രവാദ കുറ്റങ്ങളുടെ ഒരു വലിയനിര തന്നെ ചുമത്തിയിരുന്നതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി ഒന്നിന് ഫെഡറൽ കോടതി ഹമാസ് നേതാക്കൾക്കെതിരെ എടുത്ത നടപടിയുടെ രേഖകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ടെഹ്‌റാനിൽ ഹമാസിന്റെ തലവൻ യഹിയ സിൻവാർ, കൊല്ലപ്പെട്ട നേതാവ് ഇസ്മായിൽ ഹനിയ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് ചാർജിങ് ഷീറ്റിൽ കുറ്റം ചുമത്തിയിരിക്കുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷയും ഇതോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
ഹമാസിനെതിരായ നടപടികൾ അവസാനിക്കില്ലെന്നും, അവർക്കെതിരായ നീക്കത്തിന്റെ ഒരു ഭാഗം മാത്രമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലന്റിന്റെ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ ഏഴിലെ ആക്രമണം ഉൾപ്പെടെ ഹമാസ് വർഷങ്ങളായി നടത്തി വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായിട്ടാണ് യഹിയ സിൻവാറിനും മറ്റ് ഹമാസ് നേതാക്കൾക്കുമെതിരെ ഈ കുറ്റങ്ങൾ ചുമത്തപ്പെട്ടതെന്നും മെറിക് ഗാർലന്റ് പറയുന്നു.