ഡെറാഡൂൺ: ‘മനസ്‌ഖണ്ഡ് എക്‌സ്‌പ്രസ്’ ഹിറ്റായതിന് പിന്നാലെ പുത്തൻ ചുവടുമായി ഉത്തരാഖണ്ഡ്. ശ്രീ കാർത്തിക് സ്വാമി ക്ഷേത്രം, ബദരീനാഥ്, കോദാർ നാഥ് എന്നിവ ഉൾക്കൊള്ളുന്ന സ്പെഷ്യൽ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഒക്ടോബർ ആദ്യവാരം മുംബൈയിൽ നിന്നാകും ട്രെയിൻ പുറപ്പെടുക.
ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്‌മെൻ്റ് ബോർഡ് (UTDB) 3AC ട്രെയിൻ വാടകയ്‌ക്കെടുക്കാൻ ഐആർസിടിസിയുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ട്രെയിനാകും സർവീസ് നടത്തുക. രാജ്യത്തിന്റെ വിവിധ മേഖലകളെ ഉത്തരഖാണ്ഡുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് യുടിഡിബി സിഇഒ വ്യക്തമാക്കി.
യാത്ര, ഭക്ഷണം, താമസം, ഉത്തരാഖണ്ഡിനുള്ളിലെ റോഡ് യാത്ര, കാഴ്ചകൾ, എന്നിവ ഉൾപ്പെടെയുള്ള ചെലവ് യാത്രയിൽ ഉൾപ്പെടുത്തും. പ്രദേശിക ഭക്ഷണം ഉൾപ്പടെ ലഭ്യമാക്കുന്നുണ്ട്. 7-10 ദിവസങ്ങളിലായി നടത്തുന്ന യാത്ര സംസ്ഥാനത്തെ അറിയപ്പെടാത്ത, എന്നാൽ കാഴ്ചയ്‌ക്ക് മനോഹരമായ സ്ഥലങ്ങൾ ഉൾപ്പടെ സന്ദർശിക്കാൻ അവസരം നൽകുന്നതാണ് മനസ്ഖണ്ഡ് എക്സ്പ്രസ് യാത്ര. പൂനെയിൽ നിന്നാണ് ആദ്യ രണ്ട് സർവീസ് ആരംഭിച്ചത്.
പുനഗിരി ക്ഷേത്രം, നാനക്മട്ട ഗുരുദ്വാര, ചമ്പാവത്തിലെ തേയിലത്തോട്ടം, ഹാത് കാളികാ ക്ഷേത്രം, പതാൽ ഭുവനേശ്വർ ക്ഷേത്രം, ജഗേശ്വര ക്ഷേത്രം, ഗോലു ദേവതാ ക്ഷേത്രം, കൈഞ്ചി ധാം, നന്ദ ദേവി ക്ഷേത്രം, കാസർ ദേവി ക്ഷേത്രം, സൂര്യക്ഷേത്രം കടർമാൽ, നൈനാ ദേവി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാൻ യാത്രക്കാർക്ക് അവസരം ലഭിച്ചു. ആത്മീയ ടൂറിസത്തിന് പിന്തുണയേകാൻ മനസ്ഖണ്ഡ് എക്സ്പ്രസിന് സാധിക്കുന്നു.
പരീക്ഷണമെന്നവണ്ണം ആരംഭിച്ച സർവീസ് ഹിറ്റായതോടെയാണ് ടൂറിസം വകുപ്പ് പദ്ധതി വിപുലീകരിക്കാൻ പദ്ധതിയിടുന്നത്. ഹരിദ്വാർ, ഋഷികേശ്, പഞ്ച് പ്രയാഗ്, ബദരീനാഥ് എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന “പിതൃ ഛായ എക്സ്പ്രസ്: നമ്മുടെ പൂർവ്വികർക്കായി സമർപ്പിച്ച ഒരു യാത്ര” എന്ന പേരിൽ ഒരു യാത്ര ആരംഭിച്ചു. പൂനെയിൽ നിന്ന് എക്സ്പ്രസ് ഹരിദ്വാറിലും പഞ്ച് പ്രയാഗിലും തർപ്പണം അർപ്പിക്കാൻ അവസരം നൽകുന്നു.