സൈബീരിയയിലെ നരകവാതിൽ എന്നറിയപ്പെടുന്ന ഭീമൻ ഗർത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകർ. തണുത്തുറഞ്ഞ യാന ഹൈലൻഡിൽ സ്ഥിതിചെയ്യുന്ന ബതഗൈക ഗർത്തമാണ് നരകത്തിലേക്കുള്ള വാതിൽ എന്ന് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പെർമാഫ്രോസ്റ്റ് ഗർത്തമാണിത്.
200 ഏക്കർ വീതിയും 300 അടി ആഴവുമുള്ള ഗർത്തം സ്റ്റിംഗ്രേ മത്സ്യത്തിന്റെ രൂപത്തിലാണ്. ചിലർ ഈ ഗർത്തത്തെ ഹോഴ്സ്ഷൂ ഞണ്ടുകളോടും വാൽമാക്രിയോടുമൊക്കെ ഉപമിക്കാറുണ്ട്. 1960ലാണ് ഈ ഗർത്തം കണ്ടെത്തുന്നത്. 30 വർഷം കൊണ്ട് ഇതിന്റെ വലിപ്പം മൂന്നിരട്ടിയായി വർദ്ധിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഇതിന്റെ വലിപ്പം വീണ്ടും വർദ്ധിക്കുകയാണെന്ന് ഗവേഷകർ പറയുന്നു.
സാറ്റലൈറ്റ് ചിത്രങ്ങളിൽ പോലും ഈ ഗർത്തം വ്യക്തമായി കാണാമെന്നതാണ് ഇതിന്റെ സവിശേഷത. ഇതിന് ഒരു കിലോമീറ്ററിലേറെ വ്യാസമുണ്ടെന്ന് കണക്കാക്കുന്നു. 1960ൽ ഈ ഗർത്തം കണ്ടെത്തുമ്പോൾ ഏഴ് മീറ്ററോളം വലിപ്പമുള്ള വിള്ളൽ മാത്രമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വാൽമാക്രി രൂപത്തിൽ കണ്ടെത്തിയ ഈ വിള്ളലിന്റെ അരികുവശങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയതോടെ ഗർത്തത്തിന്റെ വ്യാസം വർദ്ധിക്കുകയായിരുന്നു. വലിപ്പവും ആഴവും കൂടുന്നുണ്ടെങ്കിലും ഇതിന്റെ വാൽമാക്രി രൂപത്തിന് കാര്യമായ വ്യത്യാസം ഇപ്പോഴും വന്നിട്ടില്ല.