കബൂൾ: സ്വന്തം രാജ്യത്ത് ദേശഭക്തി ഗാനത്തിന് പോലും നിരോധനം ഏർപ്പെടുത്തിയ താലിബാൻ ഇസ്ലാമിക സ്തുതിഗീതങ്ങളായ നഷീദുകളിൽ ഇന്ത്യൻ മെലഡികളും ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. അമു ടിവി നടത്തിയഅന്വേഷണത്തിലാണ് താലിബാൻ പുതുതായി പുറത്തിറക്കിയ സ്തുതി ഗീതങ്ങളിൽ അഫ്ഗാൻ, ഇന്ത്യൻ സംഗീതങ്ങളിൽ നിന്നുള്ള മെലഡികൾ ഉൾക്കൊള്ളിച്ചതായി കണ്ടെത്തിയത്.
ഒരു തരം സ്വര സംഗീതമാണ് നഷീദ്. ഇത് ശ്ലോകങ്ങൾക്ക് സമാനമാണ്. അഫ്ഗാനിലെ ഒരു സംഗീത വിദഗ്ധന്റെ സഹായത്തോടെ താലിബാൻ നിയന്ത്രിത മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത ആറ് നഷീദുകൾ അമു ടിവി അന്വേഷകർ പരിശോധിച്ചിരുന്നു. ഇതിൽ നിന്നുമാണ് ഇന്ത്യൻ മെലഡികളും നഷീദുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന് വിശ്വസനീയമായ വാർത്തകൾ നൽകാൻ ലക്ഷ്യമിട്ട് സ്വതന്ത്ര പത്രപ്രവർത്തകർ സ്ഥാപിച്ച ഒരു ഡിജിറ്റൽ മൾട്ടിമീഡിയ പ്ലാറ്റ്‌ഫോമാണ് അമു ടിവി
2021 ഓഗസ്റ്റിൽ കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ അധികാരത്തിലെത്തിയ താലിബാൻ ദേശീയ ഗാനങ്ങളും ദേശഭക്തി ഗാനങ്ങളും ഉൾപ്പെടെ എല്ലാം നിരോധിക്കുകയും സംഗീതത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം സംഗീതങ്ങൾക്കെല്ലാം പകരമായി ശരീ അത്ത് നിയമപ്രകാരമുള്ള നഷീദുകൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്റെ പുതിയ നീക്കം.