ജയ്പൂർ: പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം സ്വീകരിച്ചത്. സൗരോർജ പദ്ധതിക്കായി സ്ഥലം അനുവദിക്കുക, പൊലീസ് സേനയിൽ 33 ശതമാനം സംവരണം സ്ത്രീകൾക്ക് ഉറപ്പാക്കുക, കായിക താരങ്ങൾക്ക് അധിക സംവരണം ഏർപ്പെടുത്തുക, ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി വർദ്ധിപ്പിക്കുക തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങളും രാജസ്ഥാൻ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി പ്രേംചന്ദ്ര ബൈരവ, മന്ത്രി ജോഗരം പട്ടേൽ എന്നിവർ ചേർന്ന് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
33 ശതമാനം സംവരണം
രാജസ്ഥാൻ പൊലീസ് സബോർഡിനേറ്റ് സർവീസ് റൂൾസ്, 1989 നിയമം ഭേദഗതി ചെയ്ത് സ്ത്രീകൾക്ക് പൊലീസ് സേനയിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തി. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനം വഴിയൊരുക്കുമെന്ന് സർക്കാർ അറിയിച്ചു.
സൗരോർജ പദ്ധതി
സുസ്ഥിര ഊർജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന 3,150 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്ക് സ്ഥലം അനുവദിച്ചതാണ് മന്ത്രിസഭാ തീരുമാനങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന്. പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിനും കർഷകർക്കും പൊതുജനങ്ങൾക്കും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തീരുമാനം സഹായിക്കും. കൂടാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കാനും പദ്ധതി ഗുണകരമാകും.
കായിക താരങ്ങളുടെയും, ജീവനക്കാരുടെയും ആനുകൂല്യങ്ങൾ
പാരാലിമ്പിക്സിലും മറ്റ് കായിക ഇനങ്ങളിലും മികവ് പുലർത്തിയ താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലികളിൽ അധിക സംവരണം ഏർപ്പെടുത്തും. ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ ജോലിക്കാരുടെ ഗ്രാറ്റ്വിറ്റിയും ഡെത്ത് ഗ്രാറ്റ്വിറ്റിയും 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തി. കുടുംബ പെൻഷന് 5 ശതമാനം അധിക അലവൻസും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യവസായ നിക്ഷേപത്തിന് ക്ഷണം
സംസ്ഥാനത്ത് നിക്ഷേപം നടത്താൻ രാജ്യമെമ്പാടമുള്ള വ്യവസായികളെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ക്ഷണിച്ചു. നിക്ഷേപകർക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറിൽ നടക്കാനിരിക്കുന്ന “റൈസിംഗ് രാജസ്ഥാൻ ഇൻവെസ്റ്റ്മെൻ്റ് സമ്മിറ്റ് 2024″നെക്കുറിച്ചും മുഖ്യമന്ത്രി പരിചയപ്പെടുത്തി.