ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിന് പുറത്ത് വിമാനത്തിന്റെ എഞ്ചിൻ ഭാഗം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). അതേസമയം ലോഹഭാഗം കഴിഞ്ഞ ദിവസം അടിയന്തിര ലാൻഡിംഗ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റേത് ആയിരിക്കാമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സെപ്റ്റംബർ രണ്ടിന് ബഹ്റൈനിലേക്ക് പോകാൻ പറന്നുയർന്ന IX145 വിമാനത്തിന് എഞ്ചിൻ തകരാർ സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഡൽഹി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ഡൽഹി വിമാനത്താവളത്തിന് പുറത്ത് ശങ്കർ വിഹാറിൽ നിന്നാണ് ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്.
വസന്ത് വിഹാർ സ്വദേശിയായ ശിവാനി തന്റെ വീടിന് മുകളിലേക്ക് വിമാനത്തിൽ നിന്ന് ലോഹക്കഷണങ്ങൾ വീണതായി പൊലീസിൽ അറിയിച്ചിരുന്നു. കറുത്ത നിറമുള്ള ലോഹ ഭാഗവും ഇവർ ഹാജരാക്കി. ലോഹഭാഗങ്ങൾ വിമാനത്തിൻ്റേതാണോ അല്ലയോ എന്ന് സാങ്കേതിക സംഘം പരിശോധന നടത്തി സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.