ന്യൂഡൽഹി: അദ്ധ്യാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവമനസുകളെ രൂപപ്പെടുത്തുന്ന അദ്ധ്യാപകർക്ക് നന്ദി അറിയിക്കുന്നതായി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അധ്യാപക ദിനമായി ആചരിക്കുന്ന മുൻ രാഷ്‌ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരവർപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എല്ലാ അദ്ധ്യാപകർക്കും അധ്യാപക ദിന ആശംസകൾ നേർന്നു. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ജീവിതം മാത്രമല്ല ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിനും സംഭാവന ചെയ്യുന്നുവെന്ന് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും അദ്ധ്യാപക ദിനത്തിൽ ആശംസകൾ അറിയിച്ചു
“അദ്ധ്യാപകർ അവരുടെ വിശാലമായ അറിവുകൊണ്ട് നമ്മുടെ ജീവിതത്തിൽ അർഥവത്തായ ദിശാബോധം നൽകുന്നു. പുസ്തകത്തിലെ അറിവ് മാത്രമല്ല ജീവിതത്തിലെ യഥാർത്ഥ അർത്ഥവും അവർ നമുക്ക് പകർന്നു നൽകുന്നു. രാജ്യത്തെ യുവാക്കൾക്ക് വഴികാട്ടുകയും അവരുടെ അജ്ഞത നീക്കുകയും ചെയ്യുന്ന എല്ലാ അദ്ധ്യാപകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു,” ധർമേന്ദ്ര പ്രധാൻ കുറിച്ചു.
എല്ലാ വർഷവും സെപ്റ്റംബർ 5 നാണ് അദ്ധ്യാപകദിനം ആഘോഷിക്കുന്നത്. പണ്ഡിതനും ഭാരതരത്ന ജേതാവുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി രാജ്യം ആചരിക്കുന്നത്. അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയാണ്.