കൊച്ചി: വരുമാന കുതിപ്പിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1,000 കോടിയിലധികം രൂപയുടെ വരുമാനമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിയാൽ നേടിയത്. മുൻ വർഷം 770.9 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ ഈ വർഷം 1014 കോടിയിലെത്തി. വരുമാനത്തിൽ മുൻ വർഷത്തേക്കാൾ 31.6 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 412.58 കോടി രൂപയാണ് അറ്റാദായം. രാജ്യത്തെ ഏറ്റവും അധികം തിരക്കുള്ള 10 വിമാനത്താവളങ്ങളിൽ ഒന്നാണ് കൊച്ചി.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്തത്. വ്യോമയാന മേഖലയിൽ കൂടുതൽ വികസന പദ്ധതികളിലൂടെ യാത്രക്കാരെ ആകർഷിക്കുകയാണ് സിയാലിന്റെ ലക്ഷ്യം. അന്താരാഷ്‌ട്ര ടെർമിനൽ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെർമിനലിന്റെ വലിപ്പം കൂട്ടുന്നതും പരിഗണനയിലാണ്. 560 കോടി രൂപ ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനം, 152 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കോമേഴ്സ്യൽ സോൺ നിർമാണം എന്നിവ ഇതിൽ പ്രധാനമാണ്.