പസഫിക് സമുദ്രത്തിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ നാലിരട്ടി വലുപ്പമുള്ള പർവതം കണ്ടെത്തി ശാസ്ത്രജ്ഞർ. ചിലെ തീരത്ത് നിന്ന് ഏകദേശം 1,448 കിലോമീറ്റർ അകലെയാണ് പർവതം കണ്ടെത്തിയത്. യുഎസിലെ കാലിഫോർണിയിലെ ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റേതാണ് കണ്ടെത്തൽ.
10,200 അടി അഥവാ 3,109 മീറ്റർ ഉയരമാണ് പർവതത്തിനുള്ളത്. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ പർവതമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്പോഞ്ച് ഗാർഡൻസ്, പവിഴപ്പുറ്റുകൾ, അപൂർവ ഇനം കടൽ ജീവികൾ തുടങ്ങിയ ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് പർവതത്തിലുള്ളത്. 28 ദിവസത്തെ പര്യവേക്ഷണത്തിനൊടുവിലാണ് ശാസ്ത്രജ്ഞർ പർവതം കണ്ടെത്തിയത്. 1000 മീറ്ററിലേറെ ഉയരമുള്ള ഒരു ലക്ഷം പർവതങ്ങൾ സമുദ്രത്തിലുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
കാസ്പർ എന്നറിയപ്പെടുന്ന വെള്ള നീരാളിയെയും രണ്ട് അപൂർവ ബാത്തിഫിസ സിഫോണോഫോറുകളെയും സംഘം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അറിയപ്പെടാത്ത പല ജീവജാലങ്ങളുടെ സാന്നിധ്യവും പർവതത്തിലുണ്ട്. പര്യവേക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അജ്ഞാത സമുദ്ര ജീവികളെ തിരിച്ചറിയാനായുള്ള അന്താരാഷ്ട്ര സംരംഭമായ ഓഷ്യൻ സെൻസസുമായി പങ്കിടുമെന്നും ഗവേഷകസംഘം വ്യക്തമാക്കി. ലോകത്തിലുള്ള സമുദ്രജീവികളെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിലും സമുദ്രാന്തർ ആവാസ വ്യവസ്ഥയുടെ പര്യവേക്ഷണത്തിനും ഈ ഡാറ്റ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.