പട്ന: ആർജെഡിക്ക് ഒപ്പം പോയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇനിയെന്നെന്നും ബിജെപിക്കൊപ്പം ആയിരിക്കുമെന്നും ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ വീണ്ടും ആർജെഡിയുമായി കൈകോർക്കുകയാണെന്നും മഹാഗഡ്ബന്ധൻ സഖ്യത്തിൽ ചേരാൻ പോവുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാടറിയിച്ചത്.
മുൻകാലങ്ങളിൽ ആർജെഡിക്ക് ഒപ്പം പോയത് താൻ ജീവിതത്തിൽ ചെയ്ത രണ്ട് അബദ്ധങ്ങളായിരുന്നുവെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. ആർജെഡിക്കൊപ്പം പോയത് തെറ്റായിരുന്നു, ആ തെറ്റ് രണ്ടുതവണ ചെയ്തു, പക്ഷേ ഇനി ആവർത്തിക്കില്ല. ഇനിയെന്നും ബിജെപിക്കൊപ്പമായിരിക്കും. ജെഡിയു മറ്റാരുടേയും ഒപ്പം പോകില്ല. ബിജെപിക്കൊപ്പം തുടരുക തന്നെ ചെയ്യും. – നിതീഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ആർജെഡി നേതാവ് തേജസ്വി യാദവുമായി ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ജെഡിയു അദ്ധ്യക്ഷൻ ഇൻഡി സഖ്യത്തിലേക്ക് തിരിച്ചുപോവുകയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.















