സുരേഷ് ഗോപി എന്ന മനുഷ്യനും സിനിമാ താരത്തിനും രാഷ്ട്രീയ പ്രവർത്തകനും ആരാധകരേറെയാണ്. പ്രായഭേദമില്ലാതെ അദ്ദേഹത്തിനെ എല്ലാവരും ഇഷ്ടപ്പെടുന്നു. അക്കൂട്ടത്തിലൊരു നാലു വയസുകാരിയുമുണ്ട് ഇപ്പോൾ. കോഴിക്കോട് സ്വദേശി ശ്രേഷ്ഠ നിപിനാണ് സുരേഷ് ഗോപിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഓണനാളിൽ കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന ഉറപ്പും കേന്ദ്രമന്ത്രി നൽകിയിട്ടുണ്ട്. സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള സുരേഷ് ഗോപിയെ നേരിൽ കാണുന്നതിന്റെ സന്തോഷത്തിലാണ് എൽകെജി വിദ്യാർത്ഥിയായ ശ്രേഷ്ഠ.
സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്. കാറിൽ പോകുന്നതിനിടെയാണ് വീഡിയോ എഡിറ്റർ കൂടിയായ അച്ഛനോട് സുരേഷ് ഗോപിക്കൊപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സ്കൂളിലെ കൂട്ടുകാരെയും ടീച്ചർമാരെയും ഞെട്ടിക്കാനാണ് ഫോട്ടോയെന്നും ശ്രേഷ്ഠ പറഞ്ഞു. മകൾക്കൊപ്പമുള്ള നിമിഷങ്ങൾ പകർത്താറുള്ള നിപിൻ ഇതും വീഡിയോ എടുത്തു. പിന്നാലെ സുഹൃത്തിന് അയച്ചു കൊടുത്തു.
ഞൊടിയിടയിൽ വീഡിയ ‘വള്ളത്തോളിന്റെ കാവിപ്പട’ എന്ന ഫേസ്ബുക്ക് പേജിലുമെത്തി. അങ്ങനെ വീഡിയ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് കാണാനിടയായി. സുരേഷ് ഗോപിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. കുഞ്ഞുമോളുടെ വലിയ ആഗ്രഹം സൈബറിടത്തിൽ വൈറലാവുകയാണ്.
ഇതിനിടയിലാണ് സുരേഷ് ഗോപി ശ്രേഷ്ഠയെ കാണാൻ ഓണത്തിനെത്തുമെന്ന ഉറപ്പ് നൽകിയിരിക്കുന്നത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ. വികെ സജീവനെയും അദ്ദേഹം ഇക്കാര്യം അറിയിച്ചു. വിവരമറിഞ്ഞതോടെ ശ്രേഷ്ഠയും ഹാപ്പി. സ്കൂളിലും ആ സന്തോഷവിവരം അറിയിച്ചു. നേരിൽ കാണാൻ മോഹിച്ച താരം കൺമുന്നിലെത്തുന്നതിന്റെ കാത്തിരിപ്പിലാണ് എൽകെജിക്കാരി.
സുരേഷ് ഗോപി സിനിമകൾ കണ്ട് അനുകരിക്കുന്നതാണ് ശ്രേഷ്ഠയുടെ പ്രധാന ഹോബി. കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐപിഎസിനെ നഴ്സറി വേദിയിൽ അനുകരിച്ച് കയ്യടി വാങ്ങിയ ശ്രേഷ്ഠയ്ക്ക് പൊലീസാകണമെന്നാണ് ആഗ്രഹം. കുറ്റിയാടി കായക്കൊടി എൽപി സ്കൂൾ വിദ്യാർത്ഥിനിയാണ് കൊയിലാണ്ടി കാരടിപറമ്പത്ത് നിപിന്റെയും ആരതിയുടെയും മകളായ ശ്രേഷ്ഠ. അധിഷ്ഠയാണ് സഹോദരി.















