തിരുവനന്തപുരം: 2000 ഗണേശ വിഗ്രഹങ്ങളുള്ള വീടുണ്ട് അനന്തപുരിയിൽ. മലയാളത്തിലെ അതുല്യ കലാകാരൻ സൂര്യാ കൃഷ്ണമൂർത്തിയുടെ വീടാണ് ഗണേശനാൽ സമൃദ്ധമാകുന്നത്. തിരുവനന്തപുരം തൈക്കാട് സ്ഥിതി ചെയ്യുന്ന ഭവനത്തിന്റെ പേരും ’ഗണേശം’ എന്ന് തന്നെയാണ്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഗണപതി വിഗ്രഹങ്ങൾ ഇവിടെയുണ്ട്. എല്ലാം വിവിധ രൂപത്തിലും ഭാവത്തിലുമാണെന്നു മാത്രം. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് സമ്മാനിച്ച വിഗ്രഹമാണ് പൂജാ മുറിയിൽ സ്ഥാപിച്ചിരിക്കുന്നത്. കൈപ്പത്തിയിൽ ഒതുങ്ങുന്ന കുഞ്ഞൻ മുതൽ അഞ്ചടി ഉയരമുള്ള വിഗ്രഹങ്ങൾ വരെ അതിമനോഹരമായാണ് ഇവിടെ പരിപാലിക്കുന്നത്. നെൽസൺ മണ്ടേല മുതൽ വനവാസികൾ വരെ സമർപ്പിച്ചവയും ഇതിൽ ഉൾപ്പെടും.
35 വർഷത്തോളമായി ഗണേശനും സൂര്യാ കൃഷ്ണിമൂർത്തിയും കൂട്ടുകൂടിയിട്ട്. തന്റെ മനസ് കണ്ടറിഞ്ഞ് എവിടെ പോയാലും ഉപഹാരങ്ങളായി ലഭിക്കുന്നതും ഗണപതി വിഗ്രഹങ്ങളാണെന്ന് സൂര്യാ കൃഷ്ണമൂർത്തി പറഞ്ഞു . ആഴ്ചയിൽ മൂന്ന് ഗണപതിയെങ്കിലും വീട്ടിൽ പുതിയതായി വരാറുണ്ട്. കലാരംഗത്ത് തനിക്ക് എന്തെങ്കിലുമാകാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് ഗണപതിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്. എല്ലാം ഭഗവാന് സമർപ്പിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
സൂര്യകൃഷ്ണമൂർത്തിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ നിന്നും ഗണപതി വിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. പൂന്തോട്ടം നിർമാണത്തിനിടെയാണ് വിവിധ വലിപ്പത്തിലുള്ള വിഗ്രഹങ്ങൾ കിട്ടിയത്. ഇതും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതിന്റെ സൂചനയാണിതെന്ന് സൂര്യാ കൃഷ്ണമൂർത്തി പറഞ്ഞു.