സർട്ടിഫിക്കറ്റ് തട്ടിപ്പിൽ വിവാദത്തിലായ പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് പൂജയെ പുറത്താക്കിയത്. സർവീസിൽ തുടരാൻ പ്രൊബേഷൻ ഓഫീസർമാർ യോഗ്യരല്ലെന്ന് കണ്ടെത്തിയാൽ സർക്കാരിന് അധികാരം നൽകുന്നതാണ് 12-ാം റൂൾ. 2023 ബാച്ച് ഐഎഎസുകാരിയായ ഇവർക്ക് യു.പി.എസ്.സി പരീക്ഷയിൽ 841-ാം റാങ്കായിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് യു.പി.എസ്.സി പൂജയുടെ സെലക്ഷൻ നേരത്തെ റദ്ദാക്കിയിരുന്നു.
ഐഎഎസ് ലഭിക്കാൻ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്,ഭിന്ന ശേഷി രേഖൾ എന്നിവ വ്യാജമായി നിർമിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇവർ പിന്നാക്ക സമുദായക്കാരിയല്ലെന്ന് അന്വേഷണത്തിൽ നിന്ന് ബോദ്ധ്യപ്പെട്ടിരുന്നു. അധികാര ദുർവിനിയോഗത്തെ തുടർന്ന് വിവാദത്തിലായതോടെയാണ് ഇവരുടെ സർട്ടിഫിക്കറ്റുകളിലും സംശയം ഉയർന്നത്.
പൂനെയിൽ നിന്ന് ഇവരെ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് കൂടുതൽ അന്വേഷണം നടക്കുന്നതും പൂജ കുടുങ്ങുന്നതും. പ്രൊബേഷൻ ഓഫീസറായിരുന്ന ഇവർ സ്വന്തം കാറിൽ ബീക്കൺ ലൈറ്റടക്കം ഘടിപ്പിച്ച് യാത്ര ചെയ്യുകയും അംഗ രക്ഷകരെയും പ്രത്യേക കാബിനും ആവശ്യപ്പെടുകയുമായിരുന്നു. ഇത് മേലുദ്യോഗസ്ഥനായ കളക്ടർ തടഞ്ഞതോടെ അദ്ദേഹത്തിനെതിരെ പരാതി നൽകി. ഇതോടെയാണ് വിവാദത്തിലാകുന്നത്.















